നാരങ്ങാനീര് പിഴിഞ്ഞ ശേഷം തൊലി വലിച്ചെറിയുകയാണ് മിക്കവാറും പതിവ്. എന്നാൽ നാരങ്ങയുടെ ഉള്ളിലെ നീരിനെക്കാൾ തോലിക്കാണ് ആരോഗ്യഗുണമെന്ന് അറിഞ്ഞാലോ! ആശ്ചര്യപ്പെടേണ്ട.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയതാണ് നാരങ്ങയുടെ തൊലി. അതിൽ വിറ്റാനിനുകളും ധാതുക്കളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരങ്ങയുടെ തൊലിയിൽ പെക്റ്റിൻ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുമത്രേ.
മാത്രമല്ല, പെക്റ്റിൻ വയർ നിറഞ്ഞുവെന്ന തോന്നൽ ഉണ്ടാക്കാൻ സഹായിക്കും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നു. ഇതിലെ ഫ്ലേവനോയിഡുകളും പൊട്ടാസ്യവും രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും കാൽസ്യവും എല്ലുകളുടെ ബലം വർധിപ്പിക്കാൻ സഹായിക്കുന്നു.
നാരങ്ങയുടെ തൊലിയിലെ പോഷകങ്ങൾ
- നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്നതിന്റെ അഞ്ച് മുതൽ 10 മടങ്ങ് വരെ വിറ്റാമിൻ സി, എ എന്നിവ നാരങ്ങയുടെ തൊലിയിൽ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ കാൽസ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ ധാരാളമുണ്ട്.
- നാരങ്ങയുടെ തൊലിയിൽ അടങ്ങിയ ഫ്ലേവനോയിഡുകൾ (ആന്റിഓക്സിഡന്റുകൾ) ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനും കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നു.
- നാരങ്ങയുടെ തൊലിയിൽ അടങ്ങിയ ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ മോണകളെയും പല്ലുകളെയും അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു. വായയിലെ ദുർഗന്ധം അകറ്റാനും ഇത് ഫലപ്രദമാണ്.
- നാരങ്ങയുടെ തൊലിയിൽ അടങ്ങിയ ലിമോണിൻ, സിട്രിക് ആസിഡ് എന്നിവ ചർമത്തിലെ കറുത്ത പാടുകൾ കുറക്കാനും മുഖക്കുരുവിനെ പ്രതിരോധിക്കാനും സഹായിക്കുന്നു. ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള സ്ക്രബ് ആയി ഇത് ഉപയോഗിക്കാം.
- ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് നാരങ്ങയുടെ തൊലിയിലുള്ള സാൽവെസ്ട്രോൾ ക്യു 40 (Salvestrol Q40), ലിമോണിൻ എന്നീ ഘടകങ്ങൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുമെന്നാണ്.
എങ്ങനെ ഉപയോഗിക്കാം?
- നാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്ത് സലാഡുകൾ, സൂപ്പുകൾ എന്നിവയിൽ ചേർക്കാം.
- ചായയിൽ അല്പം നാരങ്ങാത്തൊലി കൂടി ചേർത്താൽ നല്ലൊരു ഫ്ലേവർ ലഭിക്കും.
- നാരങ്ങാത്തൊലി വെയിലത്ത് വെച്ച് ഉണക്കി പൊടിച്ച് തേനിൽ ചാലിച്ചോ വെള്ളത്തിൽ കലർത്തിയോ ഉപയോഗിക്കാം.
ശ്രദ്ധിക്കേണ്ട കാര്യം
കടയിൽ നിന്ന് വാങ്ങുന്ന നാരങ്ങയിൽ കീടനാശിനികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, തൊലി ഉപയോഗിക്കുന്നതിന് മുമ്പ് ഉപ്പും വിനാഗിരിയും ചേർത്ത വെള്ളത്തിൽ നന്നായി കഴുകാൻ മറക്കരുത്.



Be the first to comment