യുകെയിലെ നഴ്സുമാർക്ക് വൻ നേട്ടം; നിർണായക പ്രഖ്യാപനവുമായി ലേബർ സർക്കാർ

ലണ്ടൻ: യുകെയിലെ എൻഎച്ച്എസ് നഴ്സിങ് മേഖലയിൽ നിർണായക പ്രഖ്യാപനവുമായി ലേബർ സർക്കാർ രംഗത്ത്. റോയൽ കോളജ് ഓഫ് നഴ്സിങ് (ആർസിഎൻ) മാസങ്ങളായി തുടരുന്ന സമ്മർദ്ദത്തിനും ചർച്ചകൾക്കും പിന്നാലെയാണ് ആരോഗ്യ-സാമൂഹ്യപരിചരണ സെക്രട്ടറി വെസ് സ്ട്രീറ്റിങ് നഴ്സുമാർക്കായി പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. നഴ്സുമാർക്ക് മികച്ച ശമ്പള വർധനവ്, വ്യക്തമായ കരിയർ പാതയ്ക്കായുള്ള അവലോകനം, കൂടുതൽ പ്രഫഷനൽ പിന്തുണ എന്നിവ ഉറപ്പാക്കുന്നതാണ് നടപടി. അവലോകനത്തിനും തുടർ ശമ്പള വർധനവുകൾക്കും ആവശ്യമായ ഫണ്ട് സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ നഴ്സിങ് മേഖലയ്ക്ക് അർഹതപ്പെട്ട ജീവിതച്ചെലവിന് അനുസൃതമായ ശമ്പളവർധനയും അടിയന്തരമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആർസിഎൻ സർക്കാരിന് മുന്നിലേക്ക് വീണ്ടും ഉയർത്തിയിട്ടുണ്ട്. സർക്കാർ ഏറ്റവും ഒടുവിൽ നടപ്പിലാക്കിയ 3.6% ശമ്പള വർധനവിനെ ആർസിഎൻ അംഗങ്ങളായ 91% അംഗങ്ങൾ വോട്ടെടുപ്പിൽ നിരസിച്ചിരുന്നു. തുടർന്ന് ന്യായമായ ശമ്പളവും കരിയർ പുരോഗതിയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ നേരിട്ട് സമീപിച്ചതിന്റെ ഫലമായാണ് പുതിയ പ്രഖ്യാപനങ്ങളെന്നാണ് ആർസിഎൻ വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*