യുകെയില്‍ സ്കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തി അവധിക്കാലം പുനഃക്രമീകരിക്കാന്‍ ആലോചന. വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ ദിനങ്ങളില്‍ കുട്ടികള്‍ ബുദ്ധിമുട്ടി പരീക്ഷ എഴുതുന്നത് ഒഴിവാക്കുവാനും അതുപോലെ ദൈര്‍ഘ്യമേറിയ വേനലവധിയെ കുറിച്ച് മാതാപിതാക്കള്‍ക്കുള്ള ആവലാതികള്‍ പരിഹരിക്കാനും ആണ് സ്കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശവുമായി ഓഫ്സ്റ്റെഡ് രംഗത്തെത്തിയത്. നിലവിലെ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന തുടര്‍ച്ച നഷ്ടപ്പെടുന്നതായും മാതാപിതാക്കള്‍ക്ക് ചൈല്‍ഡ് കെയറിനായി അധിക ചെലവ് വരുന്നതായും വിദഗ്ധര്‍ പറയുന്നു.
നിലവില്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം സ്കൂളുകളിലും ആറാഴ്ച കാലത്തെ വേനലവധിയും ക്രിസ്തുമസ് – ഈസ്റ്റര്‍ കാലത്തെ രണ്ടാഴ്ച അവധിയും ഓരോ ടേമിന്റെയും അവസാനത്തില്‍ ഒരാഴ്ചക്കാലത്തെ ഹാഫ് ടേം ഹോളിഡേയുമാണ് നല്‍കുന്നത്. ചില സ്കൂളുകളില്‍ ഒക്ടോബര്‍ മാസത്തില്‍ രണ്ടാഴ്ച്ചക്കാലത്തെ ദൈര്‍ഘ്യമേറിയ അവധിയും നല്‍കുന്നുണ്ട്. എന്നാല്‍, ഈ അവധികളൊന്നും തന്നെ വിദ്യാര്‍ത്ഥികളുടെയോ മാതാപിതാക്കളുടെയോ താത്പര്യം സംരക്ഷിക്കുന്നില്ല എന്നാണ് ഓഫ്സ്റ്റെഡ് മേധാവി മാര്ട്ടിന് ഒലിവര്‍ പറയുന്നത്.
സ്കൂള്‍ അവധികള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് സ്കൂള്‍ കലണ്ടറില്‍ വലിയൊരു മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. സ്കൂള്‍ ഒഴിവ് ദിനങ്ങള്‍ ആവശ്യത്തിലേറെ നീണ്ടവയാണെന്ന് അദ്ദേഹം ഇതിനു മുന്‍പ് പറഞ്ഞിരുന്നു. പലരും വര്‍ഷത്തിലെ 365 ദിവസങ്ങളില്‍ 190 ദിവസങ്ങള്‍ മാത്രമാണ് പഠനത്തിനായി മാറ്റിവച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.



Be the first to comment