ചൂട് കൂടി, തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 വരെ വിശ്രമം

സംസ്ഥാനത്ത് വേനല്‍ക്കാലം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെബ്രുവരി 12 മുതല്‍ മെയ് 20 വരെയാണ് ക്രമീകരണം.

1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇത് സംബന്ധിച്ച വ്യവസ്ഥകള്‍ നിശ്ചയിച്ചുകൊണ്ടും ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദീന്‍ ഉത്തരവിട്ടു.

പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 7.00 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തുന്നു. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3.00 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്തതുമായ മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നു.

പ്രാദേശികമായ ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ ഈ ഉത്തരവു പ്രകാരമുള്ള കാലയളവില്‍ മാറ്റം വരുത്തേണ്ടതുണ്ടങ്കില്‍ അത് സംബന്ധമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ / ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ലേബര്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ നടത്തുന്ന പരിശോധനകളോടൊപ്പം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന എല്ലാ ജില്ലകളിലും ജില്ലാ ലേബര്‍ ഓഫീസര്‍ / ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ / അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-1 എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ടീമുകള്‍ രൂപീകരിക്കും. ഈ ടീമുകള്‍ ബന്ധപ്പെട്ട മേഖലകളില്‍ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*