കോട്ടയം: ആധുനിക രീതിയിൽ നിർമാണം പൂർത്തിയാക്കിയ ശസ്‌ത്രക്രിയാ വിഭാഗം ഉൾപ്പെടെ കോട്ടയം മെഡിക്കൽ കോളജിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ ഈ മാസം 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. 283 കോടിയുടെ 15 വികസന പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുക എന്ന് മന്ത്രി വാസവൻ പറഞ്ഞു. കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ബി.സി. ബ്ളോക്കിൽ 74 ലക്ഷം രൂപ ചെലവിട്ട് നിർമിക്കുന്ന പുതിയ ടോയലറ്റ് ബ്ളോക്കിൻ്റെ ശിലാസ്ഥാപനവും ഇതോടനുടബന്ധിച്ചു നടക്കും. സ്‌കിൻ ബാങ്ക് (64.57 ലക്ഷം രൂപ), ക്രഷ് (60 ലക്ഷം രൂപ), ലാക്റ്റേഷൻ മാനേജ്മെൻ്റ് സെൻ്റർ (64.2 ലക്ഷം രൂപ), സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ കാർഡിയാക് റീഹാബലിറ്റേഷൻ യൂണിറ്റ്-കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് ബ്ളോക്കിലെ ഉപകരണങ്ങൾ, എക്കോ മെഷീൻ, സി.ആം മെഷീൻ, വെൻ്റിലേറ്റുകൾ എന്നിവയും തിങ്കളാഴ്‌ച നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യും.
കിഫ്ബി പദ്ധതിയിലൂടെ 257 കോടി രൂപ ചെലവിട്ട 33642 ചതുരശ്ര മീറ്ററിലാണ് സർജിക്കൽ ബ്ലോക്ക് സജ്ജമാക്കിയിട്ടുള്ളത്. 526 കിടക്കകൾ, 44 ഐ.സി.യു. കിടക്കകൾ, 14 ഓപ്പറേഷൻ തിയറ്ററുകൾ എന്നിവ പുതിയ ബ്ളോക്കിലുണ്ട്. 256 സ്ലൈസ് സി.ടി. സ്‌കാൻ, 3 ടെസ്ല എം.ആർ.ഐ, ആധുനിക ഡിജിറ്റൽ റേഡിയോഗ്രഫി മെഷീൻ, ഫ്ളൂറോസ്‌കോപ്പി എന്നീ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
16ന് ഉച്ചകഴിഞ്ഞ് മൂന്നിന് മെഡിക്കൽ കോളജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രി വാസവൻ ചടങ്ങിന് സ്വാഗതം പറയും. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്‌ടർ ചേതൻകുമാർ മീണ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ കെ.വി. വിശ്വനാഥൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അതേസമയം കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് എന്നിവർ പങ്കെടുത്തു.



Be the first to comment