ശബരിമല സ്വര്‍ണപ്പാളികളില്‍ ആസിഡിന്റെ സാന്നിധ്യം. പാളികളില്‍ പലയിടത്തും നൈട്രിക് ആസിഡിന്റെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അപ്രൈസര്‍മാര്‍ പരിശോധനയ്ക്ക് വേണ്ടി പ്രയോഗിച്ചിതാകാം ഇതെന്നാണ് സംശയം. എന്നാല്‍ ആസിഡ് സാന്നിധ്യമുള്ള ഭാഗത്തിന് ക്രമേണെ കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസവും സ്വര്‍ണപ്പാളികള്‍ ഇളക്കി പരിശോധന നടത്തിയിരുന്നു. സാമ്പിളുകള്‍ ശേഖരിക്കാന്‍ കൂടി വേണ്ടിയായിരുന്നു പരിശോധന. ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കെത്തിയിരുന്നു. ഈ പരിശോധനയിലാണ് പാളികളുടെ ചില ഭാഗങ്ങളില്‍ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കാലക്രമേണെ കേടുപാടുകള്‍ക്ക് ഇത് കാരണമാകുന്നതിനാല്‍ ജാഗ്രത വേണമെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.
സ്വര്‍ണത്തിന്റെ ഉള്‍പ്പെടെ പരിശുദ്ധി പരിശോധിക്കാനാണ് നൈട്രിക് ആസിഡ് ഉപയോഗിക്കുന്നത്. വിദഗ്ധര്‍ ദേവസ്വത്തെ ഇക്കാര്യങ്ങള്‍ ധരിപ്പിക്കുകയും ജാഗ്രത വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പിളുകള്‍ ജംഷഡ്പൂരിലേക്കാണ് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. പരിശോധനാ ഫലം കേസില്‍ അതീവ നിര്‍ണായകമാകും.



Be the first to comment