വാക്കുപാലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍; ശ്രീനാരായണ ധര്‍മ്മ ആശ്രമം അടച്ച വാട്ടര്‍ ചാര്‍ജ് തിരികെ നല്‍കും

ഇടുക്കി കുമളി ഒട്ടകത്തല മേട്ടിലെ ശ്രീനാരായണ ധര്‍മ്മ ആശ്രമത്തിന് വീണ്ടും മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്. സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ കുടിവെള്ളത്തിന് ജല അതോറിറ്റി ഈടാക്കിയ പണം തിരികെ നല്‍കും. ആശ്രമത്തില്‍ നിന്ന് പണം ഈടാക്കിയ നടപടി തെറ്റായിപ്പോയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജലജീവന്‍ മിഷന്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കാന്‍ ആശ്രമം സൗജന്യമായി ഭൂമി നല്‍കിയിരുന്നു.

ജലജീവന്‍ മിഷന്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കാന്‍ ആശ്രമം സൗജന്യമായി ഭൂമി നല്‍കിയിരുന്നു. പ്രത്യുപകാരമായി കുടിവെള്ളം സൗജന്യമായി നല്‍കുമെന്നായിരുന്നു മുന്‍പ് മന്ത്രി നല്‍കിയിരുന്ന വാഗ്ദാനം. വാക്കുനല്‍കിയിട്ടും തുക ഈടാക്കിയ നടപടി തെറ്റായിപ്പോയെന്ന് മന്ത്രി പറഞ്ഞു. വാട്ടര്‍ ചാര്‍ജിനത്തില്‍ അടച്ച 29200 രൂപയാണ് തിരികെ നല്‍കുക. പണം തിരികെ നല്‍കുന്നത് സംബന്ധിച്ച് വാട്ടര്‍ അതോരിറ്റിക്ക് നിര്‍ദേശം നല്‍കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. കണക്ഷന്‍ വിച്ഛേദിക്കുമെന്ന് വാട്ടര്‍ അതോരിറ്റി നോട്ടീസ് വന്നതോടെയാണ് ആശ്രമം ബില്ല് അടച്ചത്.

നാടിന് വലിയ ഗുണമാകുന്ന കാര്യമാണ് വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കാന്‍ ഭൂമി വിട്ടുനല്‍കിയതിലൂടെ ആശ്രമം ചെയ്തതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ആവര്‍ത്തിച്ചു. മാതൃകാപരമായ നടപടിക്ക് പ്രോത്സാഹനം എന്ന നിലയിലാണ് സൗജന്യമായി വെള്ളം നല്‍കുമെന്ന് താന്‍ പ്രഖ്യാപിച്ചത്. തുക അടച്ചത് ശ്രീനാരായണ ധര്‍മ്മ ആശ്രമം കാണിച്ച മര്യാദയാണ്. എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാന്‍ വാട്ടര്‍ അതോരിറ്റിയോട് താന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*