ഹൈദരാബാദ്: ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഇന്ന് (ഫെബ്രുവരി 17) നടക്കും. ഇത്തവണ വലയഗ്രഹണം ആണ് സംഭവിക്കുക. അതിനാൽ തന്നെ സൂര്യനെ ചുവപ്പോ ഓറഞ്ചോ നിറത്തിൽ ഒരു അഗ്നിവളയം പോലെയായിരിക്കും കാണുക. പൂർണ ഗ്രഹണത്തെപ്പോലെ വലയഗ്രഹണം ഭൂമിയെ പൂർണമായും ഇരുട്ടിലാക്കില്ല.
സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ ഒരു സ്വർണ്ണ വളയം പോലെ കാണപ്പെടും. ഇതിനെ ‘റിങ് ഓഫ് ഫയർ’ എന്നും വിളിക്കുന്നു. ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലെയായിരിക്കുന്നതിനാലാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യൻ അഗ്നിവളയം പോലെ ദൃശ്യമാകുന്നത്. എന്താണ് വലയ സൂര്യഗ്രഹണമെന്നും എവിടെയൊക്കെ, ഏത് സമയത്ത് ദൃശ്യമാകുമെന്നും വിശദമായി പരിശോധിക്കാം.
എന്താണ് സൂര്യഗ്രഹണം?
സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം കൂടിയാണിത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ചന്ദ്രന്‍റെ ചലനം മൂലമുണ്ടാകുന്ന സൂര്യഗ്രഹണം ഒരു പ്രധാന ജ്യോതിശാസ്‌ത്ര സംഭവമായും കണക്കാക്കപ്പെടുന്നു.
എന്താണ് വലയഗ്രഹണം?
സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ഇത് സംഭവിക്കുക. സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ ഒരു സ്വർണ്ണ വളയം പോലെ കാണപ്പെടുന്ന പ്രതിഭാസമാണിത്. ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയായിരിക്കുന്ന സമയത്ത് നടക്കുന്ന പ്രതിഭാസമാണ്. അതിനാൽ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചെറുതായി കാണുന്ന ചന്ദ്രന് സൂര്യനെ പൂർണ്ണമായി മറയ്ക്കാൻ കഴിയില്ല. ഇത് സൂര്യന്‍റെ പുറംഭാഗം തിളങ്ങുന്ന വളയമായി കാണുന്നതിന് കാരണമാകും.
സൂര്യഗ്രഹണം എന്നതിലുപരി വലയഗ്രഹണം ആണെന്നതാണ് ഇത്തവണത്തെ സൂര്യഗ്രഹണത്തെ സവിശേഷമാക്കുന്നത്. അതായത് സൂര്യനെ ചുവപ്പോ ഓറഞ്ചോ നിറത്തിൽ ഒരു അഗ്നിവളയം പോലെയായിരിക്കും കാണുക.
എന്ന്, എപ്പോൾ ദൃശ്യമാകും?
2026 ഫെബ്രുവരി 17നാണ് ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കുക. UTC സമയം 9.56ന് (ഇന്ത്യൻ സമയം 3.26 PM) ആണ് ആണ് വലയഗ്രഹണം ആരംഭിക്കുക. ഇന്ത്യൻ സമയം 10:28 ആവുമ്പോഴേക്കും വലയഗ്രഹണം കൂടുതൽ ദൃശ്യമാവുകയും 11.16ഓടെ പൂർണമായും ദൃശ്യമാവുകയും ചെയ്യും. ഫെബ്രുവരി 18 അർധരാത്രി 12.04 ഓടെ പൂർണ വലയഗ്രഹണം കുറയാൻ തുടങ്ങും. 1.27ഓടെ വലയഗ്രഹണം അവസാനിക്കും.
ഇന്ത്യയിൽ ദൃശ്യമാകുമോ?
ഈ വർഷത്തെ സൂര്യഗ്രഹണം വളരെ കുറച്ച് ആളുകൾക്ക് മാത്രമേ നേരിട്ട് കാണാനാകൂ. ഇത് ഇന്ത്യയിൽ ദൃശ്യമാകില്ല. ഇന്ത്യൻ ഉപഭൂഖണ്ഡം ചന്ദ്രന്‍റെ നിഴലിന്‍റെ പാതയ്ക്ക് പുറത്തായതിനാലാണ് ഇന്ത്യക്കാർക്ക് ഇത്തവണത്തെ വലയഗ്രഹണം കാണാൻ സാധിക്കാത്തത്.
അതേസമയം അന്‍റാർട്ടിക്ക, തെക്കൻ അർജന്‍റീന, ചിലി, ദക്ഷിണ അമേരിക്ക, ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങൾ, സമീപ സമുദ്രങ്ങൾ (പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം) എന്നിവിടങ്ങളിൽ നിന്ന് വലയഗ്രഹണം ദൃശ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ഈയിടങ്ങളിൽ ക്രൂയിസ് കപ്പലുകളിലെ നിരീക്ഷകർ ഉൾപ്പെടെയുള്ളവർക്ക് ഭാഗിക സൂര്യഗ്രഹണം കാണാനാകുമെന്ന് Space.com റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അന്‍റാർട്ടിക്കയിലെ ചിലയിടങ്ങളിൽ മാത്രമേ വലയഗ്രഹണം കാണാനാകൂ. ഇവിടെ ഗവേഷണ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ വളരെ കുറച്ച് പേർക്ക് മാത്രമേ പൂർണ്ണമായ ഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ കഴിയൂ. അതേസമയം ഗ്രഹണം ലൈവായി കാണാൻ സാധിക്കും.
എങ്ങനെ ലൈവായി കാണാം?
ഇത്തവണത്തെ സൂര്യഗ്രഹണം ഇന്ത്യക്കാർക്ക് നേരിട്ട് കാണാൻ സാധിക്കില്ലെങ്കിലും ലൈവ് സ്‌ട്രീമിങിലൂടെ കാണാൻ സാധിക്കും. നാസ ലൈവ് സ്ട്രീമിങ് നടത്തും. നാസയുടെ ലൈവ് വെബ്‌സൈറ്റിലോ യൂട്യൂബ് ചാനലിലോ ലൈവ് സ്‌ട്രീമിങ് കാണാം.
അടുത്ത സൂര്യഗ്രഹണം എന്ന്?
ഈ വർഷത്തെ അടുത്ത സൂര്യഗ്രഹണം നടക്കാനിരിക്കുന്നത് ഓഗസ്റ്റ് 12ന് ആണ്. ഇത് പൂര്‍ണ സൂര്യഗ്രഹണമായിരിക്കും. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കൃത്യമായി വരികയും, സൂര്യപ്രകാശത്തെ പൂർണ്ണമായും മറയ്ക്കുകയും ചെയ്യുന്നതിനാൽ ഈ സമയത്ത് പകൽസമയമാണെങ്കിൽ നിമിഷനേരത്തേക്ക് ഇരുട് അനുഭവപ്പെടും.
കാല്‍നൂറ്റാണ്ടിന് ശേഷമാണ് ഇക്കുറി ഓഗസ്റ്റ് 12ന് പൂര്‍ണ സൂര്യഗ്രഹണത്തിന് നാം സാക്ഷ്യം വഹിക്കുക. യൂറോപ്പിലാകും സൂര്യഗ്രഹണം പൂര്‍ണമായും ദൃശ്യമാകുക. 1999 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് പൂര്‍ണ സൂര്യഗ്രഹണം എന്നത് കൊണ്ട് തന്നെ ഇത് പ്രത്യേകതകളുള്ളതാണ്.
അടുത്ത വലയഗ്രഹണം എന്ന്?
2027 ഫെബ്രുവരിയിലാണ് അടുത്ത വലയഗ്രഹണം സംഭവിക്കുക. ഇത് തെക്കേ അമേരിക്കൻ രാജ്യങ്ങളിലും പശ്ചിമേഷ്യയിലും ആകും ദൃശ്യമാവുക. പിന്നീട് 2028 ജനുവരിയിലും ദൃശ്യമാകും. അതേസമയം കേരളത്തിൽ ഇനിയൊരു വലയഗ്രഹണം ദൃശ്യമാകണമെങ്കിൽ 2031 വരെ കാത്തിരിക്കണം.



Be the first to comment