യുഎസിൽ ഹോക്കി മത്സരത്തിനിടെ വെടിവയ്‌പ്പ്; പ്രതി ഉള്‍പ്പെടെ 3 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: യുഎസിലെ റോഡ് ഐലൻഡിൽ നടന്ന ഹോക്കി മത്സരത്തിനിടെ വെടിവയ്‌പ്പ്. പ്രൊവിഡൻസിന് പുറത്ത് ഏതാനും മൈലുകൾ അകലെയുള്ള പാവ്ടക്കറ്റിലെ ഡെന്നിസ് എം ലിഞ്ച് അരീനയിലാണ് ഇന്നലെ (ഫെബ്രുവരി 16) വെടിവയ്‌പ്പുണ്ടായത്. സംഭവത്തില്‍ പ്രതിയായ റോബർട്ട് ഡോർഗൻ എന്നയാള്‍ ഉള്‍പ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.

സംഭവത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് പാവ്‌ടക്കറ്റ് മേധാവി ടിന ഗോൺകാൽവ്‌സ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം സംഭവത്തിൽ പ്രതിയെ കുറിച്ചോ കൊല്ലപ്പെട്ടവരെ കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ട പ്രതി റോബർട്ട് ഡോർഗൻ, ഹോക്കി മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ഒരാളുടെ ബന്ധുവാണോയെന്നതും പൊലീസ് സംശയിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്‌നമാണ് വെടിവയ്‌പ്പില്‍ കലാശിച്ചതെന്നും സൂചനകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തമായ സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

 സ്‌റ്റേഡിയത്തിൽ നടന്ന ഹോക്കി മത്സരത്തിൻ്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യങ്ങളില്‍ മത്സരം നടക്കുന്നതിനിടെ കളിക്കാർ ഓടുന്നതും വെടിയൊച്ചകളും കേൾക്കാം. ഈ സമയം പരിഭ്രാന്തിയിലായ ജനങ്ങൾ ഇരിപ്പിടങ്ങളിൽ നിന്ന് ഇറങ്ങിയോടുന്നതും വ്യക്തമാണ്.

സ്‌റ്റേഡിയത്തിന് ചുറ്റും പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. ഇത്തരം സാഹചര്യത്തില്‍ പ്രതിയെങ്ങനെ മത്സര വേദിയിലേക്ക് കടന്നൂവെന്നത് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ കേസ് സംബന്ധിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

റോഡ് ഐലൻഡിൽ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നടന്ന മറ്റൊരു വെടിവയ്പ്പ് ദുരന്തത്തിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഈ വെടിവയ്‌പ്പ് നടക്കുന്നത്. അന്നത്തെ വെടിവയ്‌പ്പിൽ മസാച്യുസെറ്റ്സ്‌ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രൊഫസർക്ക് വെടിയേറ്റു. ഈ വെടിവയ്‌പ്പിലെ പ്രതിയായ ക്ലോഡിയോ നെവസ് വാലൻ്റെ എന്നയാളെ പിന്നീട് ന്യൂ ഹാംഷെയറിലെ ഒരു സംഭരണ ശാലയിൽ സ്വയം വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രൊവിഡൻസിന് വടക്കും മസാച്യുസെറ്റ്സ് സംസ്ഥാന അതിർത്തിക്ക് താഴെയുമാണ് പാവ്ടക്കറ്റ് സ്ഥിതി ചെയ്യുന്നത്. 80,000ത്തിന് താഴെ ജനസംഖ്യയുള്ള ഒരു പട്ടണമായ പാവ്ടക്കറ്റ്, അടുത്ത കാലം വരെ ഹാസ്ബ്രോയുടെ ആസ്ഥാനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*