മുംബൈ: വേനൽകാല അവധികളുടെ ഭാഗമായി യാത്രാ ഷെഡ്യൂളുകൾ പുതുക്കി എയർ ഇന്ത്യ. നിലവിലുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും പ്രധാനപ്പെട്ട അന്താരാഷ്ട്ര സർവീസുകളെ മെച്ചപ്പെടുത്താനായി നവീകരിച്ച ക്യാബിനുകൾ വിമാനങ്ങളിൽ വിന്യസിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. അന്താരാഷ്ട്ര സർവീസുകൾ വർധിപ്പിക്കുന്നതോടൊപ്പം ഓരോ റൂട്ടിലും പ്രതിമാസം 2,048 സീറ്റുകൾ അധികം ചേർക്കുമെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.
എണ്ണം വർധിപ്പിച്ച അന്താരാഷ്ട്ര സർവീസുകൾ: 2026 മാർച്ച് ഒന്ന് മുതൽ ഡൽഹി- ടൊറൻ്റോ യാത്ര ആഴ്ചയിൽ പത്ത് തവണയാക്കി വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവിൽ ആഴ്ചയിൽ ഏഴ് തവണയായിരുന്നു ഡൽഹിയിൽ നിന്ന് കാനഡയിലെ ടൊറൻ്റോയിലേക്ക് സർവീസ് നടത്തിയിരുന്നത്.
ബി 787-9 വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും ആഴ്ചയിൽ നാല് ദിവസം സർവീസ് നടത്തുക. തേർഡ് ക്ലാസ് കോൺഫിഗറേഷനിലാണ് പുതിയ ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നത്. പ്രീമിയം ഇക്കോണമി ക്ലാസും വിമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് ദിവസങ്ങളിൽ എയർ ഇന്ത്യയുടെ ബി 777-300ER ഉപയോഗിച്ചാകും സർവീസ് തുടരുക.
മാർച്ച് 29 മുതൽ ഡൽഹി- സിയോൾ (ഇഞ്ചിയോൺ) സർവീസുകൾ ആഴ്ചയിൽ ആറാക്കി വർധിപ്പിക്കും. പുതുതായി ആരംഭിച്ച ഡൽഹി- ഷാങ്ഹായ് വിമാന സർവീസുകൾ ആഴ്ചയിൽ നാല് തവണയിൽ നിന്ന് അഞ്ച് തവണയാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് ജപ്പാനിലെ ടോക്കിയോയിലേക്ക് (ഹനേദ) സർവീസ് നടത്തുന്ന ബി 787-9 വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ഫീച്ചറുകളുള്ള മൂന്ന് ക്ലാസ് ക്യാബിൻ കോൺഫിഗറേഷൻ ഉൾപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. 2026 ഫെബ്രുവരി 14 മുതലാകും പുതിയ ക്യാബിനുകൾ പ്രാബല്യത്തിൽ വരിക.
ബി 787-9 വിമാനങ്ങളും പുതുക്കിയ ലെഗസി ബി 787-8 വിമാനങ്ങളും സംയോജിപ്പിച്ചായിരിക്കും മുംബൈ- ലണ്ടൻ സർവീസുകൾ പുനഃക്രമീകരിക്കുക. രണ്ട് വിമാനങ്ങളുടെ അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ ക്യാബിനുകളാകും സർവീസിൽ ഉണ്ടാകുന്നത്. ജൂലൈ 1 മുതലാകും സർവീസ് പുനഃരാരംഭിക്കുക. നിലവിൽ മുംബൈ മുതൽ ലണ്ടൻ വരെ സർവീസ് നടത്തിയിരുന്ന ബി 777-300 ഇആർ വിമാനങ്ങൾക്ക് പകരമായിരിക്കും ഈ വിമാനങ്ങൾ ഉണ്ടാവുക.
ഡൽഹിയിൽ നിന്നും മെൽബൺ വരെ പ്രതിദിന സർവീസ് നടത്തിയിരുന്ന വിമാനങ്ങൾ നവീകരിച്ച ക്യാബിൻ സൗകര്യങ്ങളോടെയാകും ഇനി മുതൽ സർവീസ് നടത്തുക. ബി 777-300 ഇആർ വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും സർവീസ് നടത്തുക. ജൂലൈ 01 മുതൽ റൂട്ടിൽ ഫസ്റ്റ് ക്ലാസ് സർവീസ് ആരംഭിക്കും. എട്ട് ഫസ്റ്റ് ക്ലാസ് സ്യൂട്ടുകളും, 40 ബെഡുകൾ അടങ്ങിയ ബിസിനസ് ക്ലാസും 280 സീറ്റുകളോടെയുള്ള ഇക്കണോമി ക്ലാസുമാണ് വിമാനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡൽഹി- മെൽബൺ സർവീസിൽ പ്രതിമാസം 4,000 സീറ്റുകൾ കൂടി കൂട്ടിച്ചേർക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
ഓഗസ്റ്റ് ഒന്ന് മുതൽ ബെംഗളൂരു- ലണ്ടൻ (ഹീത്രോ) സർവീസ് പുതുക്കിയ ബി 787-8 വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തും. പുതിയ ക്യാബിൻ ഇൻ്റീരിയർ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പ്രീമിയം ഇക്കണോമി റൂട്ടിലാകും വിമാനം അവതരിപ്പിക്കുക. ഇതോടെ, ലണ്ടനിലേക്കുള്ള യാത്രികർക്ക് സൗകര്യപ്രദമായ യാത്ര ലഭിക്കും.
അമൃത്സർ- ബർമിങ്ഹാം, ഡൽഹി- ബർമിങ്ഹാം, അഹമ്മദാബാദ്- ലണ്ടൻ, അമൃത്സർ- ലണ്ടൻ സർവീസുകൾ ബി 777-300 ഇആർ ഉപയോഗിച്ചായിരിക്കും ക്രമീകരിക്കുക. നിലവിൽ വിന്യസിച്ചിരിക്കുന്ന ലെഗസി ബി 787-8 വിമാനങ്ങൾക്ക് പകരമായി ഈ റൂട്ടുകളിൽ ഫസ്റ്റ് ക്ലാസ് വിമാനങ്ങൾ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷമാണ് എയർ ഇന്ത്യ തങ്ങളുടെ ബി 787-8 വിമാനങ്ങളുടെ നവീകരണം ആരംഭിച്ചത്. പദ്ധതി പ്രകാരം 26 ബോയിങ് വിമാനങ്ങളാണ് ( ബി 787-8) എയർ ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തത്. പുതിയ ക്യാബിൻ ഇൻ്റീരിയറുകൾ ഉപയോഗിച്ചാണ് പുനഃക്രമീകരിച്ചിരിക്കുന്നത്.
പുതുക്കിയ വിമാന സർവീസുകൾ വരും ആഴ്ചകളിൽ ആരംഭിക്കുമെന്നും ഈ വർഷം നിരവധി വിമാനങ്ങൾ പുതുക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. കൂടാതെ മൂന്ന് പുതിയ കസ്റ്റം-നിർമ്മിത ബി 787-9 വിമാനങ്ങളും രണ്ട് കസ്റ്റം-നിർമ്മിത എ 350-1000 വിമാനങ്ങളും സർവീസിനായി ഉപയോഗിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.



Be the first to comment