ശബരിമല ശ്രീകോവിലിലെ സ്വർണപാളികളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കുന്ന കാര്യം പ്രത്യേക അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ജംഷഡ്പൂരിലേക്കാണ് സാമ്പിളുകൾ അയക്കുക.സ്വർണക്കൊള്ളയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് എസ്.ഐ.ടി വിവരം അറിയിക്കുക. ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ആണ് വിഷയം പരിഗണിക്കുന്നത്.
കൊടിമര പുനപ്രതിഷ്ഠയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച കാര്യം വിജിലൻസും ഹൈക്കോടതിയെ അറിയിക്കും. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം. കൊടിമര നിർമ്മാണത്തിന് ഉപയോഗിച്ച സ്വർണത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൻ്റെ വരവ് ചെലവ് കണക്കുകളുടെ പരിശോധന ദേവസ്വം ബോർഡ് ടാസ്ക് ഫോഴ്സ് ആരംഭിച്ചു. ദേവസ്വം കമ്മീഷണർ, അക്കൗണ്ട് ഓഫീസർ, ചീഫ് എഞ്ചിനിയർ എന്നിവർ അടങ്ങുന്ന ദേവസ്വം ബോർഡ് ടാസ്ക് ഫോഴ്സാണ് കണക്കുകൾ പരിശോധിക്കുന്നത്.
പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. അക്കൗണ്ട് ഓഫീസർ കൂടുതൽ പരിശോധനകൾ ഇന്ന് നടത്തും. ആവശ്യമെങ്കിൽ കരാർ നൽകിയ ഊരാളുങ്കലിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയോട് വിശദീകരണം ചോദിക്കും. ഓഡിറ്റർ ആവശ്യപ്പെട്ട രേഖകളും മറുപടിയും നൽകാനും തീരുമാനിച്ചിട്ടുണ്ട്.



Be the first to comment