നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‍‌മോർട്ടം ചെയ്യും

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് മെഡിക്കൽ കോളജിൽ പോസ്റ്റ്‍‌മോർട്ടം ചെയ്യും. ഇന്നലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതോടെയാണ് മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായത്. പരാതി അന്വേഷിക്കാൻ നിയോഗിച്ച വിദഗ്ധസംഘം ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഉടൻ റിപ്പോർട്ട് കൈമാറും.

ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതോടെ കുടുംബം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ഡോക്ടര്‍ ബിന്ദു സുന്ദറിനെ പുനലൂരിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കിയെങ്കിലും കുടുംബം പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. സൂപ്രണ്ടിനെ ഉപരോധിച്ച് പ്രതിഷേധം നടന്നു. പിന്നാലെയാണ് നടപടി. ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നായിരുന്നു തീരുമാനം. ആശുപത്രിയ്ക്ക് മുന്നില്‍ വിവിധ രാഷ്ട്രീയസംഘടനകള്‍ പ്രതിഷേധമാര്‍ച്ച് നടത്തി.

കഴിഞ്ഞ ദിവസമാണ് പ്രസവ ശാസ്ത്രക്രിയക്കിടെ തിരുവനന്തപുരം പാലോട് സ്വദേശിയായ നിരഞ്ജനയുടെ കുഞ്ഞ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽവെച്ച് മരണപെട്ടത്. ഇതിനെതിരെയാണ് ഡോക്ടറിന്റെ വീഴ്ച്ച ചൂണ്ടികാണിച്ചുകൊണ്ട് പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*