ഔദ്യോഗിക പദവിയും ഓഫീസും ദുരുപയോഗം ചെയ്തു; എപ്സ്റ്റീന്‍ ഫയല്‍ വിവാദത്തിനിടെ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ അറസ്റ്റില്‍

ബ്രിട്ടീഷ് രാജകുടുംബാംഗവും ചാള്‍സ് രാജാവിന്റെ സഹോദരനുമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ അറസ്റ്റില്‍. ഔദ്യോഗിക പദവിയും ഓഫീസും ദുരുപയോഗം ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്.

66ാം പിറന്നാള്‍ ദിനത്തിലാണ് സാന്‍ഡ്രിംഗ് ഹാം എസ്റ്റേറ്റിലെ വസതിയില്‍ നിന്ന് പോലീസ് ആന്‍ഡ്രൂ വിന്‍ഡ്‌സറിനെ അറസ്റ്റ് ചെയ്തത്. ആന്‍ഡ്രൂവിന്റെ പേര് പരാമര്‍ശിക്കാതെയാണ് പോലീസ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടര്‍ന്ന് ആന്‍ഡ്രൂവിനെതിരെ അന്വേഷണം നടന്നുവരികയായിരുന്നു. പിന്നാലെയാണ് പബ്രിക് ഓഫീസ് ദുരുപയോഗം ചെയ്തതിനുള്ള അറസ്റ്റ്. ട്രേഡ് എന്‍വോയ് ആയിരുന്ന സമയത്ത് യുകെ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ 2010ല്‍ എപ്സ്റ്റീന് കൈമാറിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്.

എപ്സ്റ്റീന്‍ ഫയലുകളില്‍ പേര് വന്നതിനെ തുടര്‍ന്ന് ആന്‍ഡ്രൂ രാജപദവികള്‍ ഉപേക്ഷിച്ച്, കൊട്ടാരത്തില്‍ നിന്ന് താമസം മാറിയിരുന്നു. എപ്സ്റ്റിനെതിരെ പരാതി നല്‍കിയ വെര്‍ജീനിയ ജുഫ്രെയുടെ നോബഡീസ് ഗേള്‍ എന്ന പുസ്തകത്തിലും ആന്‍ഡ്രൂവിന്റെ പേര് പരാമര്‍ശപ്പെട്ടിരുന്നു. അടുത്തിടെ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയല്‍സിനെ ഏറ്റവും പുതിയ രേഖകളിലും ആന്‍ഡ്രൂവിന്റെ വിവാദ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ആരും നിയമത്തിന് അതീതരല്ലെന്നായിരുനനു അറസ്റ്റിന് പിന്നാലെയുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറുടെ പ്രതികരണം. ആരുടെ കൈവശമാണോ വിവരങ്ങള്‍ ഉള്ളത് അവര്‍ അത് പങ്കുവെയ്ക്കാന്‍ തയ്യാറാകണമെന്നും കെയര്‍ സ്റ്റാമര്‍ പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*