ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇഡി സമന്‍സ്; മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍, തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇഡി സമന്‍സ് അയച്ചു. മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനും സമന്‍സയച്ചിട്ടുണ്ട്. 

21 ഇടങ്ങളില്‍ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയിരുന്നു. ആ പരിശോധനയില്‍ ഇഡിയുടെ വീട് ഒഴിവാക്കിയത് ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തന്ത്രിക്ക് സമന്‍സ് അയച്ചത്. തന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ ഇഡി അന്വേഷണം. ഒപ്പം തന്ത്രിക്ക് പുറത്ത് ഉള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. തിരുവല്ല കേന്ദ്രീകരിച്ച് ഒരു സൊസൈറ്റിയില്‍ തന്ത്രി പണം നിക്ഷേപിച്ചിരുന്നു. ആ സൊസൈറ്റി പൂട്ടിപ്പോവുകയും തന്ത്രി പണം തിരിച്ച് ചോദിക്കാതിരുന്നതുമൊക്കെ വലിയ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം ലഭിച്ചതില്‍ എസ്‌ഐടിക്ക് ഉണ്ടായത് വലിയ വീഴ്ചയെന്ന് വെളിവാക്കുന്ന വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. തന്റെ അറസ്റ്റിന് പിന്നില്‍ പ്രതികാരമെന്നായിരുന്നു കോടതിയില്‍ തന്ത്രിയുടെ വാദം. ശബരിമലയില്‍ യുവതി പ്രവേശന നീക്കം തടഞ്ഞതിലും ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുളള സര്‍ക്കാര്‍ നീക്കം തടഞ്ഞതുമാണ് പ്രതികാര കാരണം.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചതിലും ദുരുദ്ദേശമെന്നും തന്ത്രി വാദം ഉയര്‍ത്തി. മന്ത്രിമാര്‍ അടക്കം വിഐപികളുമായി പോറ്റിക്കുളള ബന്ധം മറയ്ക്കാനുളള നീക്കത്തിന്റെ ഭാഗമാണ് തനിക്കെതിരെ ഉയര്‍ന്ന പരാതികള്‍ എന്നുമടക്കം എസ്എടിക്ക് എതിരേ ഗുരുതര ആരോപണമാണ് തന്ത്രിയുടെ കേസില്‍ പ്രതിഭാഗം ഉയര്‍ത്തിയത്.

തന്ത്രിക്കെതിരെയുള്ള സാമ്പത്തിക ഇടപാടുകളില്‍ തെളിവ് ഹാജരാക്കാനോ പോറ്റിയുടെ ബന്ധുക്കള്‍ ശബരിമലയില്‍ ജോലി ചെയ്തെന്ന വാദത്തിന് എസ്‌ഐടിക്ക് മറുപടി ഇല്ലായിരുന്നു. പാളികളില്‍ അനുജ്ഞ വേണ്ടതില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. പ്രോസിക്യൂഷന്റെ ദുര്‍ബലമായ വാദങ്ങളാണ് തന്ത്രിക്ക് ജാമ്യം ലഭിക്കാന്‍ കാരണമായത്.

Be the first to comment

Leave a Reply

Your email address will not be published.


*