ഹെെദരാബാദ്: ഫുട്ബോൾ ലോകത്തെ മാന്ത്രിക പ്രകടനങ്ങൾ കൊണ്ട് വിസ്‌മയിപ്പിച്ച ബ്രസീലിയൻ സൂപ്പർ താരം നെയ്‌മര്‍ ജൂനിയർ തന്‍റെ കരിയറിനെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്ത്. അത്ഭുതപ്പെടുത്തുന്ന കളിമികവും വിട്ടുമാറാത്ത പരിക്കുകളും നിറഞ്ഞ തന്‍റെ കരിയർ അവസാനത്തോടടുക്കുകയാണെന്ന സൂചനയാണ് 34-കാരനായ താരം നൽകുന്നത്. എന്നാൽ വിരമിക്കൽ തീരുമാനത്തിന് മുൻപ് ഒരു അവസാന ദൗത്യം കൂടി അദ്ദേഹത്തിന് മുന്നിലുണ്ട്. 2026 ഫിഫ ലോകകപ്പിൽ ബ്രസീലിനെ ലോകവിജയികളാക്കുക. അതിനുശേഷം മാത്രമേ തന്‍റെ ശരീരവും മനസും മറ്റൊരു സീസൺ കൂടി കളിക്കാൻ അനുവദിക്കുമോ എന്നതിൽ അദ്ദേഹം തീരുമാനമെടുക്കൂ.
പരിക്കുകളോട് പൊരുതിയ രണ്ട് വർഷങ്ങൾ
ബ്രസീലിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്‌മര്‍ കഴിഞ്ഞ രണ്ട് വർഷമായി താളം കണ്ടെത്താനുള്ള കഠിനമായ പോരാട്ടത്തിലാണ്. 2023 ഒക്ടോബറിൽ ഉറുഗ്വായ്‌ക്കെതിരായ മത്സരത്തിനിടെ ഏറ്റ ഗുരുതരമായ മുട്ടിലെ പരിക്കിന് ശേഷം താരം ഇതുവരെ ദേശീയ ടീമിനായി കളിച്ചിട്ടില്ല. ശസ്ത്രക്രിയയും നീണ്ട പുനരധിവാസവും കരിയറിന്‍റെ വേഗത കുറച്ചു.
കഴിഞ്ഞ വര്‍ഷം തുടക്കത്തിൽ സാന്‍റോസിലേക്ക് താരം തിരിച്ചെത്തിയെങ്കിലും പരിക്കുകൾ വീണ്ടും തടസ്സമായി. ഡിസംബറിൽ മറ്റൊരു ശസ്ത്രക്രിയയ്ക്ക് കൂടി അദ്ദേഹം വിധേയനായി. ഒടുവിൽ, 2026 ഫെബ്രുവരി 16-ന് നടന്ന സാവോ പോളോ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിക്കൊണ്ട് നെയ്മർ കളിക്കളത്തിലേക്ക് മടങ്ങിയെത്തി.
ദേശീയ ടീമിലെ അനിശ്ചിതത്വം
79 ഗോളുകളുമായി ഇതിഹാസ താരം പെലെയെ മറികടന്ന് ബ്രസീലിന്‍റെ ടോപ്പ് സ്കോററായ നെയ്‌മർക്ക്, കാർലോ ആഞ്ചലോട്ടി ദേശീയ ടീമിന്‍റെ ചുമതലയേറ്റ ശേഷം ഇതുവരെ ടീമിലേക്ക് വിളി വന്നിട്ടില്ല. ഇത് താരത്തിന്‍റെ അന്താരാഷ്ട്ര കരിയറിന്‍റെ ഭാവിയിൽ അനിശ്ചിതത്വത്തിലാക്കി.
വിരമിക്കലിനെക്കുറിച്ച് താരം ഇപ്പോൾ ഗൗരവമായി ചിന്തിച്ചു തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ‘ഇനി എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. അടുത്ത വർഷത്തെക്കുറിച്ച് എനിക്ക് ഉറപ്പില്ല. ഡിസംബർ എത്തുമ്പോൾ ചിലപ്പോൾ എനിക്ക് വിരമിക്കാൻ തോന്നിയേക്കാം. ഇപ്പോൾ ഓരോ വർഷത്തെയും മുൻനിർത്തിയാണ് ഞാൻ മുന്നോട്ട് പോകുന്നതെന്ന് നെയ്‌മര്‍ വ്യക്തമാക്കി.
അതേസമയം 2026 ലോകകപ്പ് തന്‍റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായി അദ്ദേഹം കാണുന്നു. ‘ഈ വർഷം വളരെ പ്രധാനപ്പെട്ടതാണ്. സാന്‍റോസിനും ബ്രസീൽ ദേശീയ ടീമിനും അത് ഒരുപോലെയാണ്. ലോകകപ്പ് വർഷമായതിനാൽ ഇത് വലിയൊരു വെല്ലുവിളിയാണെന്ന് താരം കൂട്ടിച്ചേർത്തു.



Be the first to comment