കോട്ടയം: ശബരിമല സ്വര്‍ണപ്പാളി കേസില്‍ തന്ത്രി രാജീവര് കണ്ഠരരുടെ വിഷയത്തില്‍ പഴയ നിലപാട് തന്നെയാണ് എന്‍എസ്എസിനുള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കേസില്‍ പുതിയ നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ല. കേസ് തുടരുകയാണല്ലെയെന്നും അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
‘ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നടത്തുന്നതും നടപടി സ്വീകരിക്കുന്നതും സര്‍ക്കാരാണ്. അതിന് മുകളില്‍ കോടതിയുണ്ട്. കേസ് തീര്‍ന്നിട്ടില്ല. പിന്നെ എന്തിനാണ് ധൃതി പിടിച്ച് അഭിപ്രായം പറയേണ്ടത്. ആരാണ് കുറ്റക്കാരെന്ന് അന്വേഷണ സംഘം കണ്ടുപിടിക്കട്ടെ. അതിന് മുന്‍പേ താന്‍ കയറി അഭിപ്രായം പറയേണ്ടതില്ല’- സുകുമാരന്‍ നായര്‍ പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും ഈ വിഷയത്തില്‍ തന്ത്രിക്ക് അനുകൂലമായ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സുകുമാരന്‍ നായരുടെ അഭിപ്രായപ്രകടനമെന്നതും ശ്രദ്ധേയമാണ്. തന്ത്രിക്കെതിരെ തെളിവിന്റെ ഒരു കണികപോലുമില്ലാത്ത സാഹചര്യത്തില്‍ എന്തിനാണ് തന്ത്രിയെ 41 ദിവസം ജയിലില്‍ കിടത്തിയതെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളോട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് രാജീവ് കണ്ഠരരും അഭിപ്രായപ്പെട്ടിരുന്നു. തന്നെ കേസില്‍ കുടുക്കുകയായിരുന്നു. ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോള്‍ ആചാരലംഘനം പാടില്ല എന്ന നിലപാട് സ്വീകരിച്ചു. അതില്‍ സര്‍ക്കാരിന് തന്നോട് രോഷമുണ്ടായിരുന്നു എന്നും തന്ത്രി കണ്ഠരര് രാജീവര് കോടതിയില്‍ പറഞ്ഞിരുന്നു.



Be the first to comment