വെള്ളം കുടിക്കുന്നതിൽ പിശുക്ക് വേണ്ട, ഷു​ഗർ കൺട്രോളിലാക്കാൻ പ്രധാനം

പ്രമേഹരോ​ഗികൾ വെള്ളം കുടിക്കുന്നതിൽ പിശുക്കു കാണിക്കരുതെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയാറുണ്ട്. കാരണം, ശരീരത്തിലെ പഞ്ചസാരയുടെ അളവും ജലാംശവും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നിർജ്ജലീകരണം സംഭവിക്കുമ്പോൾ രക്തത്തിലെ ജലാംശം കുറയുകയും ഗ്ലൂക്കോസ് കൂടുതൽ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ചായയിൽ പാൽ കുറയുമ്പോൾ കടുപ്പം കൂടുന്നതുപോലെയാണിത്. അതുകൊണ്ട് ഇതിനെ വിദഗ്ധർ ‘ചായ് ഇഫക്ട്’ എന്ന് വിശേഷിപ്പിക്കാറുണ്ട്.

ധാരാളം വെള്ളം കുടിക്കുന്നത് രക്തത്തെ ലഘൂകരിക്കാനും വൃക്കകൾ വഴി അധികമുള്ള പഞ്ചസാര സുഗമമായി പുറന്തള്ളാനും സഹായിക്കും. ഇത് സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കുന്നതിലൂടെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും സഹായിച്ചേക്കാം. എന്നാൽ വെള്ളം മാത്രം കുടിക്കുന്നത് മോശം ഭക്ഷണക്രമത്തിനോ വ്യായാമമില്ലായ്മയ്ക്കോ പകരമാവില്ലെന്നും വിദ​ഗ്ധ‍ർ പറയുന്നു. മരുന്നുകൾ ചെയ്യുന്നതുപോലെ വെള്ളം നേരിട്ട് ഗ്ലൂക്കോസ് നില കുറയ്ക്കില്ലെങ്കിലും വെള്ളം കുടിക്കുന്നതിലെ കുറവ് രക്തത്തിലെ ഗ്ലൂക്കോസിന്റെ സ്വഭാവത്തെ ബാധിക്കും.

ദാഹത്തെ വിശപ്പായി തെറ്റിദ്ധിരിക്കുന്നു

നിർജ്ജലീകരണം ഉള്ളപ്പോൾ പലരും ദാഹത്തെ വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കാനും അതുവഴി പഞ്ചസാരയുടെ അളവ് ഉയരാനും കാരണമാകും. ഭക്ഷണത്തിനൊപ്പം ചെറിയ സിപ്പുകളായി വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും.

വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഒന്നിച്ച് വലിയ അളവിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കാം. പകരം ചെറിയ അളവി ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും സഹായിക്കും.
  • തണുത്ത വെള്ളം കുടിക്കുന്നതിനെക്കാൾ ദാഹം മാറാൻ സാധാരണ താപനിലയിലുള്ള വെള്ളമോ ചെറു ചൂടു വെള്ളമോ കുടിക്കുന്നതാണ് നല്ലത്.
  • ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നതിന് പകരം, ഭക്ഷണത്തിന് അരമണിക്കൂർ മുൻപോ ശേഷമോ കുടിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*