രാഹുൽ ഗാന്ധിയുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്തും; പി കെ കുഞ്ഞാലിക്കുട്ടി ഡൽഹി യാത്ര മാറ്റി വെച്ചു

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ കാണാനായുള്ള മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നാളത്തെ ഡൽഹി യാത്ര റദ്ദാക്കി. രാഹുൽ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിനായാണ് പി കെ കുഞ്ഞാലിക്കുട്ടി യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ രാഹുൽഗാന്ധിയുമായി കേരളത്തിൽ കൂടിക്കാഴ്ച നടത്താമെന്ന് ധാരണയായതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. രാഹുൽഗാന്ധി ഈ ബുധനാഴ്ച കേരളത്തിൽ എത്തും.

കേരളത്തിൽ മാത്രമല്ല തമിഴ്നാടിലും സീറ്റ് ചർച്ചകൾ നീണ്ടു പോകുന്നതിൽ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. ഇക്കാര്യം നേരിട്ട് ഹൈക്കമാന്റിനെ അറിയിക്കുകയാണ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലികുട്ടിയുടെ ലക്ഷ്യം.തമിഴ്നാട്ടിൽ DMK യാണോ TVK യാണോ ഒപ്പം കുട്ടണമെന്നതിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം തുടരുകയാണ്.

ഇത് എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ തിരിച്ചടി ഉണ്ടാക്കും എന്നാണ് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ കോങ്ങാട് അടക്കമുള്ള സീറ്റുകൾ വെച്ചു മാറുന്നതിലും തീരുമാനം ഉടൻ വേണമെന്നുമാണ് മുസ്ലീം ലീഗിന്റെ ആവശ്യം.

അതേസമയം, വയനാട് ഉരുള്‍പൊട്ടൽ പുനരധിവാസ പദ്ധതിയിൽ കോണ്‍ഗ്രസ് നിര്‍മിച്ചു നൽകുന്ന വീടിന്‍റെ തറക്കല്ലിടുന്നതിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. തറക്കല്ലിടൽ ഈ മാസം 26 ന് നടക്കും. മേപ്പാടി പഞ്ചായത്തിലെ കുന്നംപറ്റത്താണ് വീടുകൾ നിർമിക്കുന്നത്.ആറുമാസം കൊണ്ട് വീടുകളുടെ നിർമാണം പൂർത്തിയാക്കാനാണ് കെ.പി.സി.സിയുടെ തീരുമാനം.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിന്റെ ഉദ്ഘാടനവും പട്ടയ വിതരണവും 25ന് നടക്കും. 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്യുന്ന ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 128 വീടുകളാണ് ജനങ്ങൾക്ക് സമർപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*