ഡെറാഡൂൺ: ഉത്തരാഖണ്ഡ് മാതൃകയിൽ രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ആർഎസ്‌എസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന മുൻ സൈനികരുടെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“യുസിസി നടപ്പിലാക്കുന്നത് വളരെ നല്ല കാര്യമായിരിക്കും. രാജ്യമെമ്പാടും നടപ്പിലാക്കുന്നതാണ് നല്ലത്. പക്ഷെ ഉത്താഖണ്ഡിൽ നടപ്പിലാക്കിയത് പോലെ നടപ്പിലാക്കണം” മോഹൻ ഭഗവത് പറഞ്ഞു. യുസിസി നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞ വർഷം ജനുവരി 27നാണ് ഉത്തരാഖണ്ഡിൽ യുസിസി നടപ്പിലാക്കുന്നത്.
ഉത്തരാഖണ്ഡിൽ യുസിസി നടപ്പിലാക്കാൻ ആദ്യം ഒരു നിർദ്ദേശം തയ്യാറാക്കിയ ശേഷം അത് പൊതു ചർച്ചയ്‌ക്ക് വച്ചു. തുടർന്ന് മൂന്ന് ലക്ഷം ആളുകളിൽ നിന്നും നിർദേശങ്ങൾ ലഭിക്കുകയും അവ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്‌തു.
അതേസമയം രാജ്യം സ്വതന്ത്രമാണെങ്കിലും അത് സംരക്ഷിക്കുന്നതിന് പ്രതിരോധ സേന എപ്പോഴും തയ്യാറായിരിക്കുമെന്ന് വിമുക്തഭടന്മാരെയും അർധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്‌തുകൊണ്ട് മോഹൻ ഭഗവത് പറഞ്ഞു.
പ്രത്യേക താത്‌പര്യങ്ങളില്ലാതെയാണ് ആർഎസ്‌എസ് സംഘം സ്ഥാപിതമായത്. രണ്ട് തവണ കടുത്ത ഉപരോധങ്ങൾ നേരിട്ടെങ്കിലും സമൂഹം നൽകിയ ആത്മവിശ്വാസത്തിൻ്റെ ബലത്തിലാണ് മുന്നേറിയത്. സന്നദ്ധപ്രവർത്തകരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും സംഘത്തിൻ്റെ ക്യാമ്പുകളിലും പരിപാടികളിലും പങ്കെടുക്കാൻ ഭഗവത് മുൻ സൈനികരോട് അഭ്യർഥിച്ചു.
എന്താണ് ഉത്തരാഖണ്ഡിൽ നടപ്പിലാക്കിയ യുസിസി
പോർച്ചുഗീസ് ഭരണകാലം മുതൽ ഗോവയിൽ പൊതു സിവിൽ കോഡ് നിലവിൽ ഉണ്ട്. എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ യുസിസി നിയമം പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. വിവാഹം, വിവാഹമോചനം, സ്വത്ത്, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയവയിൽ മതഭേദമില്ലാതെ എല്ലാ പൗരന്മാർക്കുമായി ഏകീകൃതമായ ഒരു നിയമ ചട്ടക്കൂടാണ് ഉത്തരാഖണ്ഡിൽ നടപ്പിലാക്കിയ യുസിസി.
ബിജെപിയുടെ പുഷ്‌കർ സിങ് ധാമി സർക്കാർ അധികാരത്തിലേറിയ ശേഷമാണ് ഉത്തരാഖണ്ഡിൽ യുസിസി നടപ്പിലാക്കുന്നത്. അതേസമയം സംസ്ഥാനത്തെ പട്ടികവർഗ വിഭാഗക്കാരെ ഏകീകൃത സിവിൽ കോഡിൻ്റ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വിവാഹബന്ധത്തിലേക്ക് കടക്കുമ്പോൾ പുരുഷന്മാർക്ക് 21 വയസും സ്‌ത്രീകൾക്ക് 18 വയസും പൂർത്തിയാകണമെന്നാണ് ഏകീകൃത സിവിൽ കോഡ് വ്യവസ്ഥ ചെയ്യുന്നത്. മതാചാര പ്രകാരം വിവാഹം നടത്താമെങ്കിലും നിയമപരമായ സാധുത ലഭിക്കണമെങ്കിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. കൂടാതെ സംസ്ഥാനത്തെ മുഴുവൻ മതവിഭാഗങ്ങളിലുമുള്ള വ്യക്തിനിയമങ്ങൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ നിയമങ്ങളും സിവിൽ കോഡിലുണ്ട്.



Be the first to comment