ഹെെദരാബാദ്: ഐസിസി 2026 വനിതാ ടി20 ലോകകപ്പിന്റെ പൂർണ്ണമായ മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. ജൂൺ 12ന് ആതിഥേയരായ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടത്തോടെ ടൂർണമെന്റിനു തുടക്കമാകും. ജൂലൈ 5-ന് ലോർഡ്സിലാണ് കലാശപ്പോരാട്ടം നടക്കുക. കഴിഞ്ഞ മാസം നേപ്പാളിൽ നടന്ന യോഗ്യതാ മത്സരങ്ങൾ പൂർത്തിയായതോടെയാണ് ടൂർണമെന്റിലെ 12 ടീമുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്.
ബംഗ്ലാദേശ്, അയർലൻഡ്, സ്കോട്ട്ലൻഡ്, നെതർലൻഡ്സ് എന്നീ ടീമുകൾ അവസാന നാല് സ്ഥാനക്കാരായി യോഗ്യത നേടി. നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലൻഡ്, ആതിഥേയരായ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യ, ആറ് തവണ കിരീടം നേടിയ ഓസ്ട്രേലിയ എന്നിവർക്കൊപ്പം ഇവർ മാറ്റുരയ്ക്കും. ടൂർണമെന്റില്‍ 33 മത്സരങ്ങളുണ്ടാകും. മൂന്ന് മത്സരങ്ങൾ ഒരു ദിവസം നടക്കും. ആദ്യ മത്സരം വൈകുന്നേരം 3 മണിക്കും, രണ്ടാമത്തെ മത്സരം വൈകുന്നേരം 7 മണിക്കും, മൂന്നാമത്തെ മത്സരം രാത്രി 11 മണിക്കും നടക്കും.
ഇന്ത്യയുടെ മത്സരക്രമം (ഗ്രൂപ്പ് എ)
കരുത്തരായ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, നെതർലൻഡ്സ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ. ജൂൺ 14-ന് എഡ്ജ്ബാസ്റ്റണിൽ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.
- ജൂൺ 14: ഇന്ത്യ vs പാകിസ്ഥാൻ
- ജൂൺ 16: ഇന്ത്യ vs നെതർലൻഡ്സ്
- ജൂൺ 21: ഇന്ത്യ vs ദക്ഷിണാഫ്രിക്ക
- ജൂൺ 25: ഇന്ത്യ vs ബംഗ്ലാദേശ്
- ജൂൺ 28: ഇന്ത്യ vs ഓസ്ട്രേലിയ
ലക്ഷ്യം ആദ്യ കിരീടം
ഒൻപത് പതിപ്പുകൾ പൂർത്തിയായ ടൂർണമെന്റില്‍ ഇതുവരെ കിരീടം നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. നാല് തവണ സെമി ഫൈനലിലും, 2020-ൽ ഫൈനലിലും കടന്നതാണ് മികച്ച നേട്ടം. നിലവിലെ ഏകദിന ലോകകപ്പ് കിരീടം നൽകുന്ന ആത്മവിശ്വാസത്തിൽ ഇത്തവണ ടി20 കിരീടവും ഇന്ത്യ ലക്ഷ്യം വെക്കുന്നു.
ഐസിസിയുടെ വാക്കുകൾ
വനിതാ ക്രിക്കറ്റിനെ ആഗോളതലത്തിൽ വളർത്താനുള്ള ഐസിസിയുടെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് ഐസിസി സിഇഒ സഞ്ജോഗ് ഗുപ്ത പറഞ്ഞു. സമ്മാനത്തുകയിലെ വർധനവ്, മികച്ച പ്രൊഡക്ഷൻ നിലവാരം, കൂടുതൽ രാജ്യങ്ങളിലെ സംപ്രേക്ഷണം എന്നിവയിലൂടെ വനിതാ ക്രിക്കറ്റിന്റെ ജനപ്രീതി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ് സൃഷ്ടിച്ച ആവേശം ഇംഗ്ലണ്ടിലും തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഗ്രൂപ്പുകൾ:
ഗ്രൂപ്പ് 1: ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നെതർലൻഡ്സ്.
ഗ്രൂപ്പ് 2: വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക, അയർലൻഡ്, സ്കോട്ട്ലൻഡ്.



Be the first to comment