ഡാറ്റ ചോർത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ആവശ്യപ്രകാരം; നിർണായക കത്ത് പുറത്തുവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് സന്ദേശമയച്ച മുഖ്യമന്ത്രിയുടെ നടപടിയിൽ, ഡാറ്റ ചോർച്ച സംബന്ധിച്ച് ഹൈക്കോടതിയുടെ രൂക്ഷവിമർശനം നിലനിൽക്കെ നിർണായക രേഖ പുറത്തുവിട്ട് കോൺഗ്രസ് പ്രചാരണസമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. ജീവനക്കാരുടെ വ്യക്തിവിവരങ്ങളും ഔദ്യോഗിക വിവരങ്ങളും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ശ്രീറാം സാംബശിവറാവു എല്ലാ വകുപ്പുതലവൻമാർക്കും അയച്ച കത്താണ് ചെന്നിത്തല പത്രസമ്മേളനത്തിനിടെ പുറത്തുവിട്ടത്.

കേരള സർക്കാരിന് ജീവനക്കാരുമായി ആശയവിനിമയം നടത്താനായി പി.ആർ.ഡി (PRD) തയ്യാറാക്കുന്ന ഡിജിറ്റൽ ആശയവിനിമയ സംവിധാനത്തിൽ (Centralised notification hub for government services) ഉൾപ്പെടുത്തുന്നതിനാണ് ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ടത്. ജീവനക്കാരുടെ സർവീസ് കാര്യങ്ങളടക്കം എല്ലാ പ്രസക്തമായ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ പറയുന്നു. കെ-സ്മാർട്ട് (K-SMART) ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ എക്സൽ ഷീറ്റിൽ കൈമാറാനാണ് നിർദ്ദേശം. ഇതിൽ പേര്, ഫോൺ നമ്പർ, വയസ്സ്, ലിംഗം, ജില്ല, താലൂക്ക്, വാർഡ്, തദ്ദേശ സ്ഥാപനം എന്നിവ ഉൾപ്പെടുത്തണമെന്നും പരാമർശമുണ്ട്.

ഇത്തരത്തിൽ നിർമ്മിക്കുന്ന ഡാറ്റാബേസ് പി.ആർ.ഡി സ്പെഷ്യൽ സെക്രട്ടറിക്കും ഡയറക്ടർക്കും ഫെബ്രുവരി 12-ന് മുമ്പായി അയച്ചുനൽകണമെന്നും കത്തിൽ വ്യക്തമാക്കുന്നു. ഈ സംവിധാനം ഒരുക്കുന്നതിന് ഐ.ടി മിഷൻ പി.ആർ.ഡി.യെ സഹായിക്കും. ഐ.ടി മിഷന് വിവരങ്ങൾ കൈമാറാനുള്ള മെയിൽ ഐ.ഡിയും കത്തിലുണ്ട്. വിവിധ അപേക്ഷകളിൽ തത്സമയ അറിയിപ്പുകൾ എസ്.എം.എസ്, ഇ-മെയിൽ, വാട്‌സാപ്പ് എന്നിവയിലൂടെ നൽകാൻ ഈ ഡാറ്റ ഉപയോഗിക്കുമെന്നും കേരള സർക്കാരിന്‍റെ പേരിലായിരിക്കും സന്ദേശങ്ങൾ അയക്കുകയെന്നും കത്തിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ തേടി സ്പാർക്കിന് (SPARK) കത്തയച്ചത് ഡാറ്റാ ചോർച്ചയുടെ നഗ്നമായ ഉദാഹരണമാണെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി അറിയാതെ ഓഫീസിൽനിന്ന് ഇത്തരമൊരു കത്ത് അയക്കില്ലെന്നും കഴിഞ്ഞ ഡിസംബറിലാണ് ഇത് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ കത്തെന്നും, ഇത് മറച്ചുവെച്ചാണോ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുന്നതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കോടതി കേസെടുക്കാൻ നിർദ്ദേശിക്കണം. ഹൈക്കോടതി ജഡ്ജിമാർക്ക് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പുറമേ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ, സംരംഭകർ തുടങ്ങിയവർക്കും മുഖ്യമന്ത്രിയുടെ സന്ദേശം ലഭിച്ചിരുന്നു. ഇതിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നേതാവ് അനിൽകുമാറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദും ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ സന്ദേശങ്ങൾ അയക്കുന്നത് അടിയന്തരമായി നിർത്തിവെയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട കോടതി, ഡാറ്റ ചോർച്ചയിൽ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഏകദേശം 77.42 ലക്ഷം പേരുടെ ഔദ്യോഗിക വിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. 62 ലക്ഷം ക്ഷേമ പെൻഷൻകാർ, 5.42 ലക്ഷം സർക്കാർ ജീവനക്കാർ, 10 ലക്ഷം സ്ത്രീ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ എന്നിവരുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*