ഐസിസി റാങ്കിങ്ങിൽ ‘ഇന്ത്യൻ തേരോട്ടം’: അഭിഷേക് ശർമ്മ ഒന്നാം സ്ഥാനത്ത്, ഇഷാൻ കിഷൻ അഞ്ചാമത്

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ ഏറ്റവും പുതിയ പുരുഷ ടി20 ഐ പ്ലെയർ റാങ്കിങ്ങിൽ ഇന്ത്യൻ കരുത്ത് പ്രകടം. ഓപ്പണർ അഭിഷേക് ശർമ്മ തന്‍റെ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ആദ്യ അഞ്ചിലേക്ക് കുതിച്ചെത്തി.

ബാറ്റിങ് റാങ്കിങ്

ബാറ്റിങ് റാങ്കിങ്ങിന്‍റെ തലപ്പത്ത് അഭിഷേക് ശർമ്മ തന്‍റെ കരുത്ത് വീണ്ടും തുടർന്നു. ടി20 ലോകകപ്പിന്‍റെ തുടക്കത്തിൽ താരത്തിന് വലിയ സ്കോറുകൾ കണ്ടെത്താനായില്ലെങ്കിലും ഒന്നാം സ്ഥാനത്തിന് ഭീഷണി ഉണ്ടായില്ല. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്‍റെ ഫിൽ സാൾട്ടിനേക്കാൾ വ്യക്തമായ 62 പോയിന്‍റ് ലീഡ് അഭിഷേകിനുണ്ട്. നിലവിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ പാകിസ്ഥാൻ ഓപ്പണർ സാഹിബ്സാദ ഫർഹാൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കായ മൂന്നിലെത്തി.

കഴിഞ്ഞ മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്‍റെ കരുത്തിൽ മൂന്ന് സ്ഥാനങ്ങൾ കയറിയ ഇഷാൻ കിഷൻ അഞ്ചാം റാങ്കിലെത്തി. ദക്ഷിണാഫ്രിക്കയുടെ യുവതാരം ഡെവാൾഡ് ബ്രെവിസ് 10 സ്ഥാനങ്ങൾ ചാടിക്കയറി ഒൻപതാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമായി. അഫ്‌ഗാനിസ്ഥാന്‍റെ ഇബ്രാഹിം സദ്രാൻ (13), വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പ് (14), ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (18) എന്നിവരും റാങ്കിങ്ങിൽ വലിയ മുന്നേറ്റം നടത്തി.

ഓൾറൗണ്ടർമാരുടെ പട്ടിക

സിംബാബ്‌വെ നായകൻ സിക്കന്ദർ റാസ ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സിംബാബ്‌വെയെ സൂപ്പർ 8ൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച റാസ പാകിസ്ഥാന്‍റെ സയിം അയ്യൂബിനെയാണ് മറികടന്നത്. ഇന്ത്യൻ താരം ശിവം ദുബെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം റാങ്കിലെത്തി. അഫ്‌ഗാന്‍ വെറ്ററൻ താരം മുഹമ്മദ് നബി എട്ടാം സ്ഥാനത്തുമുണ്ട്.

ബൗളിങ് റാങ്കിങ്

ബൗളിങ്ങിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി തന്നെയാണു ഒന്നാമൻ. ദക്ഷിണാഫ്രിക്കക്കെതിരെ ലോകകപ്പിൽ റൺസ് വഴങ്ങിയെങ്കിലും വരുൺ തന്‍റെ ഒന്നാം റാങ്ക് കൈവിട്ടില്ല. അതേസമയം ദക്ഷിണാഫ്രിക്കൻ പേസർ കോർബിൻ ബോഷ് 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം റാങ്കിലെത്തി. യുഎഇക്കെതിരെ മൂന്ന് വിക്കറ്റും ഇന്ത്യക്കെതിരെ 12 റൺസിന് 2 വിക്കറ്റും വീഴ്ത്തിയ പ്രകടനമാണ് ബോഷിനെ തുണച്ചത്.

മറ്റു ബൗളർമാരിൽ വെസ്റ്റ് ഇൻഡീസിന്‍റെ മാത്യു ഫോർഡ് ഏഴാം സ്ഥാനത്തേക്കും ഇന്ത്യയുടെ ജസ്പ്രീത് ബുംറ എട്ടാം സ്ഥാനത്തേക്കും മുന്നേറി. ദക്ഷിണാഫ്രിക്കയുടെ മാർക്കോ യാൻസൻ, വെസ്റ്റ് ഇൻഡീസ് സ്പിന്നർ ഗുഡകേഷ് മോട്ടി, ഇംഗ്ലണ്ട് ഇടംകൈയൻ സ്പിന്നർ ലിയാം ഡോസൺ എന്നിവരും റാങ്കിങ്ങിൽ മികച്ച മുന്നേറ്റം പുറത്തെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*