രാജ്യത്തെ ഔട്ട്ലെറ്റുകളുടെ എണ്ണം കുറയ്ക്കാൻ ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്. മാർച്ച് അവസാനത്തോടെ ഔട്ട്ലെറ്റുകളുടെ എണ്ണം 550 ആയി കുറയ്ക്കാനാണ് ഒലയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. ഡിമാൻഡ് കുറയുന്നതും വിപണി വിഹിതം കുറയുന്നതും നേരിടാനാണ് ഒല ഔട്ട്ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് റിപ്പോർട്ട്.
4000 ഔട്ട്ലെറ്റുകളുടെ ശൃംഖല കഴിഞ്ഞ വർഷം ഒല പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നിലനിൽക്കെയാണ് പിന്മാറ്റം. അതേസമയം ഇതിനോടകം തന്നെ സ്റ്റോറുകളുടെ എണ്ണം 700 ആയി കുറച്ചിട്ടുണ്ട്. കമ്പനി അതിന്റെ റീട്ടെയിൽ ശൃംഖല, ചെലവ് ഘടന, പ്രവർത്തന മാതൃക എന്നിവ പുനഃക്രമീകരിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
രാജ്യത്തെ നിരവധി സ്റ്റോറുകൾ അടച്ചതിനൊപ്പം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ടെന്ന് ദി എക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
കമ്പനിയുടെ സാമ്പത്തിക ഫലങ്ങൾ അത് നേരിടുന്ന വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്നു. 2025 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ, 487 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വാഹന വിതരണത്തിലും ഗണ്യമായ കുറവുണ്ടായി. ഈ പാദത്തിൽ കമ്പനി 32,680 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 61 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
വാഹൻ പോർട്ടലിൽ നിന്നുള്ള രജിസ്ട്രേഷൻ ഡാറ്റ കാണിക്കുന്നത് ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ കമ്പനിയുടെ വിപണി വിഹിതത്തിൽ കുത്തനെ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ്. ജനുവരിയിൽ അതിന്റെ വിഹിതം ഏകദേശം 6.3 ശതമാനമായി കുറഞ്ഞു., ഒരു വർഷം മുമ്പ് ഇത് ഏകദേശം 26 ശതമാനമായിരുന്നു.



Be the first to comment