പടിപൂജ ബുക്കിങ്ങിന്റെ രേഖകള്‍ പിടിച്ചെടുക്കണം; കടുത്ത നടപടിയുമായി ഹൈക്കോടതി

ശബരിമല പടിപൂജ ബുക്കിങിന്റെ എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. പടിപൂജ ബുക്ക് ചെയ്തത് മിക്കതും വ്യാജ മേല്‍വിലാസങ്ങളിലാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ചീഫ് വിജിലന്‍സ് ഓഫീസറുടെ അന്വേഷണത്തിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. പടിപൂജയുടെ ബുക്കിങ് മറിച്ചുവില്‍ക്കുന്നുവെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് കോടതിയുടെ കര്‍ശന നിര്‍ദേശം.

പടിപൂജയുടെ ബുക്കിങ്ങിന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ബുക്കിങ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അടുത്ത ഒരു വര്‍ഷത്തെ പടിപൂജയുടെ ബുക്കിങ് പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിലെ വിശേഷാല്‍ ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതില്‍ ഉള്‍പ്പെടെ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിഷയം കോടതി പരിഗണിച്ചത്. പടി പൂജയുള്‍പ്പെടെ വഴിപാടുകളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

ആചാരങ്ങളില്‍ ഇടപെട്ട രീതികളിലും ക്രമക്കേണ്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ശബരിമലയിലെ 18 തരം പൂജകള്‍, 39 തരം വഴിപാടുകള്‍ എന്നിവ പരാമര്‍ശിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെയും അവരുടെ ഏജന്റുമാരുടെയും ഒത്താശയോടെ ക്ഷേത്രവുമായി വ്യാപക ക്രമക്കേടുകള്‍ നടക്കുന്നു. ഇവ തടയാന്‍ സുസ്ഥിരവും കൃത്യവുമായ നടപടി സ്വീകരിക്കണം എന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പും നല്‍കിയിരുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട വിശേഷാല്‍ പൂജകളുടെ സ്ലോട്ടുകള്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും, അവരുടെ ബിനാമികളും കൈക്കലാക്കുകയും, പിന്നീട് ഉയര്‍ന്ന തുക ഈടാക്കി ഭക്തര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പടിപൂജയാണ് ഇതില്‍ പ്രധാനമായി പരാമര്‍ശിക്കുന്നത്. 1.37 ലക്ഷം രൂപയാണ് പടിപൂജയുടെ ഔദ്യോഗിക നിരക്ക്. എന്നാല്‍ പത്തിരട്ടി വരെ ഇടനിലക്കാര്‍ അധികമായി ഈടാക്കുന്ന നിലയുണ്ടെന്നാണ് കണ്ടെത്തല്‍.

Be the first to comment

Leave a Reply

Your email address will not be published.


*