നുണകൾ പറഞ്ഞ് കേരളത്തിൽ വ്യാപക ആക്രമണം നടത്തുന്ന സിപിഐഎമ്മിന് തക്കതായ മറുപടി വോട്ടർമാർ നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആരോഗ്യമേഖലയിലുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ അതിൽനിന്ന് ശ്രദ്ധ വഴിതിരിച്ചുവിടാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണകഥ, അത് പൊളിഞ്ഞുപാളീസായി പോയിട്ടും അതിന്റെ പേരിലുള്ള അക്രമം നിർത്താനായി സിപിഐഎം നേതാക്കൾ അണികളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വി. ഡി സതീശൻ പറഞ്ഞു.
തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ള വധശ്രമ കേസ് പിൻവലിക്കണം. ഇല്ലെങ്കിൽ കോൺഗ്രസ് അതിനെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ആയുധം താഴെ വെച്ച് അക്രമം അവസാനിപ്പിക്കണം എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബ് ആക്രമണം നടത്തി. നാടുമുഴുവൻ അക്രമം നടത്തുന്നു.
മന്ത്രിയെ ആക്രമിച്ചു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. റെയിൽവേ സ്റ്റേഷനിലെ ക്യാമറ പരിശോധിച്ചപ്പോൾ ഒരു തരത്തിലുമുള്ള ആക്രമണം നടന്നിട്ടില്ലെന്നാണ് റെയിൽവേ പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്.
മന്ത്രിയുടേത് അഭിനയമാണെന്ന് കേരളത്തിന് മുഴുവൻ ബോധ്യമായി മന്ത്രിയുടെ പേര് കേൾക്കുമ്പോൾ ആളുകൾ ചിരിക്കുന്നു. സമൂഹത്തിനുമുമ്പിൽ മന്ത്രി വീണാ ജോർജ് പരിഹാസ കഥാപാത്രമായി. മന്ത്രി വീണാ ജോർജ് പത്തനംതിട്ട ജില്ലയ്ക്ക് കൂടി അപമാനമാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.



Be the first to comment