‘പ്രൈവസി ഡിസ്പ്ലേ’; സാംസങ് ഗാലക്സി എസ് 26 സീരീസ് വിപണിയില്‍, അറിയാം വിലയും ഫീച്ചറുകളും

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഗാലക്സി എസ് 26 സ്മാര്‍ട്ട്ഫോണ്‍ സീരീസിന്റെ ഇന്ത്യയിലെ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു. ഈ ശ്രേണിയില്‍ മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പെടുന്നു. സാംസങ് ഗാലക്സി എസ് 26, ഗാലക്സി എസ് 26+, ഗാലക്സി എസ് 26 അള്‍ട്ര എന്നിവയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ആണ് ഫോണുകള്‍ക്ക് കരുത്തു പകരുന്നത്. എഐ സവിശേഷതകള്‍, കാമറ അപ്‌ഡേഷന്‍, പ്രകടന അപ്ഗ്രേഡുകള്‍ എന്നിവയില്‍ പുതിയ ഗാലക്സി എസ് 26 സീരീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫെബ്രുവരി 25 മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയില്‍ പ്ലാറ്റ്ഫോമുകളില്‍ മൂന്ന് സ്മാര്‍ട്ട്ഫോണുകളും മുന്‍കൂട്ടി ബുക്ക് ചെയ്യാം.

സാംസങ് ഗാലക്സി എസ് 26 രണ്ട് വേരിയന്റുകളിലാണ് വരുന്നത്. 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി. ഗാലക്സി എസ് 26+, 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി വേരിയന്റുകളിലും ഗാലക്സി എസ് 26 അള്‍ട്ര മൂന്ന് വേരിയന്റുകളിലുമാണ്് വരുന്നത്. 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി, 16 ജിബി + 1 ടിബി എന്നി വേരിയന്റുകളാണ്

എസ് 26 അള്‍ട്ര വാഗ്ദാനം ചെയ്യുന്നത്. 87,999 രൂപ മുതല്‍ 1,89,999 രൂപ വരെയാണ് വില. എസ്26 അള്‍ട്രയുടെ അടിസ്ഥാന വേരിയന്റിന് 1,39,999 രൂപയാണ് വില. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, പ്രീ-ഓര്‍ഡര്‍ കാലയളവില്‍ ചില ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രൈവസി ഡിസ്പ്ലേ ആണ് സീരീസിന്‍റെ ഏറ്റവും വലിയ ഫീച്ചര്‍. ഒരു കോണിൽ നിന്ന് നോക്കുമ്പോൾ സ്ക്രീനിന്റെ ഭാഗങ്ങൾ മറ്റുള്ളവര്‍ കാണുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് ഈ ഫീച്ചര്‍. സ്വകാര്യത സംരക്ഷണത്തിന്‍റെ ഭാഗമായാണ് ഈ ഫീച്ചര്‍. അറിയിപ്പുകൾ, പോപ്പ്-അപ്പുകൾ, പാസ്‌വേഡ് എൻട്രികൾ എന്നിവ മറ്റുള്ളവര്‍ കാണുന്നതില്‍ നിന്ന് ഇത് സംരക്ഷണം നല്‍കുന്നു. വിവരങ്ങൾ സുരക്ഷിതമായി തുടരും. പ്രൈവസി ഡിസ്പ്ലേ സ്വമേധയാ ടോഗിൾ ചെയ്യാം.

FHD+ റെസല്യൂഷനോടുകൂടിയ 6.3 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റും സാംസങ് ഗാലക്സി എസ് 26ല്‍ പ്രതീക്ഷിക്കുന്നു. 12GB വരെ റാമും 512GB വരെ UFS 4.0 സ്റ്റോറേജുമുള്ള 2nm Exynos 2600 പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ, 25W വയര്‍ഡ് ചാര്‍ജിങ്ങും 15W വയര്‍ലെസ് ചാര്‍ജിങ്ങും ഉള്ള 4,300mAh ബാറ്ററിയും ഈ ഫോണില്‍ പ്രതീക്ഷിക്കാം.കാമറയുടെ കാര്യത്തില്‍ 50MP പ്രധാന കാമറ, 12MP അള്‍ട്രാ-വൈഡ് ലെന്‍സ്, 3x ഒപ്റ്റിക്കല്‍ സൂമുള്ള 12MP ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉണ്ടായിരിക്കാം.

120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി എസ്26 പ്ലസിന് ഉണ്ടാകുക എന്ന് പ്രതീക്ഷിക്കുന്നു. ഗാലക്‌സി എസ്26 ലെ അതേ എക്‌സിനോസ് 2600 ചിപ്‌സെറ്റ് ഇതിലും കണ്ടേക്കാം. സമാനമായ റാമും സ്റ്റോറേജ് ഓപ്ഷനുകളും ഇതില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. 4,900 എംഎഎച്ച് ബാറ്ററിയും 45W ചാര്‍ജിംഗും പിന്തുണയ്ക്കുന്ന ഫോണാണിത്. വയര്‍ലെസ് ചാര്‍ജിംഗ്, റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗ്, ക്യുഐ2 പിന്തുണ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയേക്കാം. 50 എംപി പ്രധാന കാമറ, 12 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 3x സൂമുള്ള 12 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ കാമറ വിഭാഗത്തില്‍ ഉള്‍പ്പെടാം. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 12 എംപി കാമറ ഉണ്ടാകാം.

ഗാലക്‌സി എസ് 26 അള്‍ട്രായില്‍ 120Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ക്യുഎച്ച്ഡി+ ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജുമുള്ള സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസര്‍ ഫോണിന് കരുത്ത് പകരും. 60W ചാര്‍ജിംഗ് പിന്തുണയുള്ള 5,400 എംഎഎച്ച് ബാറ്ററിയും ഇതില്‍ ഉള്‍പ്പെട്ടേക്കാം. ഗാലക്‌സി എസ് 26 അള്‍ട്രയില്‍ 200 എംപി പ്രൈമറി കാമറ, 50 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 12 എംപി 3x ടെലിഫോട്ടോ ലെന്‍സ്, 5x ഒപ്റ്റിക്കല്‍ സൂമുള്ള 50 എംപി പെരിസ്‌കോപ്പ് കാമറ എന്നിവ ഉള്‍ക്കൊള്ളാന്‍ കഴിയും. മുന്‍വശത്ത്, ഉപകരണത്തിന് 12 എംപി കാമറ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*