ഇറാൻ – അമേരിക്ക ആണവചർച്ച; ഇസ്രയേൽ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി അമേരിക്ക

ഇസ്രയേൽ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി അമേരിക്ക. ഇറാൻ – അമേരിക്ക ആണവചർച്ച തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ നിർദേശം. അത്യാവശ്യമല്ലാത്ത സർക്കാർ ഉദ്യോഗസ്ഥരും അവരുടെ കുടുംബാം​ഗങ്ങളും ഉടൻ ഇസ്രയേൽ വിടണം. ഇസ്രയേലിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്നും അമേരിക്ക പൗരൻമാരോട് ആവശ്യപ്പെട്ടു.

ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കബി എംബസി ജീവനക്കാർക്ക് അയച്ച സന്ദേശത്തിലും ഇക്കാര്യം ആവശ്യപ്പെട്ടു. ചർച്ചകളുടെ നാലാംഘട്ടം അടുത്തയാഴ്ച വിയന്നയിൽ ചേരും. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും അരഘ്ചിയും തമ്മിൽ ഒമാന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ. ചർച്ചകൾക്ക് മധ്യസ്ഥം വഹിക്കുന്ന ഒമാൻ വിദേശകാര്യമന്ത്രി വാഷിങ്ടണിൽ യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി കൂടിക്കാഴ്ച നടത്തും.

ആണവ കേന്ദ്രങ്ങൾ തകർക്കാനും യുറേനിയം ശേഖരം കൈമാറാനും നിർദേശം ഉയർന്നതായുള്ള വാർത്തകൾ ഇറാൻ തള്ളി. തങ്ങൾക്ക് മേലുള്ള ഉപരോധങ്ങൾ പിൻവലിക്കാൻ സമ്മർദം തുടരുകയാണ് ഇറാൻ. അമേരിക്കൻ പടക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡ് ഇന്ന് ഇസ്രയേൽ തുറമുഖമായ ഹൈഫയിൽ എത്തും. ജെറാൾഡ് ഫോർഡിന് തകരാറെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കപ്പൽ സജ്ജമാണെന്ന് യുഎസ് നാവികസേന അറിയിച്ചു.

ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്നാവർത്തിച്ച് പ്രസിഡൻറ് മസൂദ് പെസെഷ്കിയാൻ രം​​ഗത്തെത്തി. നയതന്ത്രത്തിനാണ് മുൻഗണനയെങ്കിലും സൈനിക നടപടി സ്വീകരിക്കാനുള്ള അവകാശം അമേരിക്കയിൽ നിക്ഷിപ്തമെന്ന് യു എസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ്. ലോകത്തിലെ ഏറ്റവും മോശം ഭരണകൂടത്തിന് ആണവായുധങ്ങൾ കൈവശം വയ്ക്കാൻ അനുവാദം നൽകാനാവില്ലെന്നും വാൻസ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*