ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെ വീണ്ടും സംരക്ഷിച്ച് പൊലീസ്. ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ തുടരന്വേഷണത്തില്‍ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ അന്വേഷണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് റിപ്പോര്‍ട്ട് മടക്കി.
ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ആദ്യം പൊലീസ് മന്ത്രി സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പിന്നീട് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടാണ് തുടര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ പത്തനംതിട്ട ഡിഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിച്ച് വരികയായിരുന്നു. ഒടുവില്‍ വീണ്ടും സജി ചെറിയാനെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയത്. എന്നാല്‍ മതിയായ തെളിവുകളും രേഖകളും ശേഖരിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ പിഴവുണ്ടായെന്നും ക്രൈംബ്രാഞ്ച് മേധാവി ചൂണ്ടിക്കാട്ടുകയായിരുന്നു.
സജി ചെറിയാന്റെ ഏറെ വിവാദമായ പ്രസംഗം ചിത്രീകരിച്ച ഡിവൈസ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഇത് സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച അക്കൗണ്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. നാട്ടുകാര്‍ മുഴുവന്‍ കേട്ട പ്രസംഗത്തിന് തെളിവില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നാണ് ഹൈക്കോടതി ചോദിച്ചിരുന്നത്.



Be the first to comment