തിരുവനന്തപുരം:മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ച നല്ലതെന്നും സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രതികരിച്ചു. ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കര സഭ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുള്ളതാണ്.
സഭാതര്‍ക്കത്തിലെ 1958, 1995, 2017 കോടതി വിധികളെല്ലാം ഇക്കാര്യം തന്നെയാണ് പറയുന്നത്. വട്ടശേരില്‍ തിരുമേനിയുടെ കാലം മുതല്‍ മലങ്കര സഭയുടെയും നിലപാട് ഇതു തന്നെയെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
പൗരാണിക പാരമ്പര്യമുള്ള യഥാര്‍ത്ഥ ഭാരതീയ സഭയെന്ന വിശേഷണമാണ് സഭയ്ക്ക് ബിജെപിയും ആര്‍എസ്എസും നല്‍കിയിട്ടുള്ളത്. ഭാഗിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് കരുതുന്നില്ല. മലങ്കര സഭയുടെ അസ്തിത്വത്തിനെതിരായുള്ള നിലപാട് ആരും സ്വീകരിക്കില്ല. നിഖ്യാ സുന്നഹദോസ് വിളിച്ചു കൂട്ടിയ കുസ്തന്തീനോസ് ചക്രവര്‍ത്തിയും സഭകളുടെ യോജിപ്പാണ് ചര്‍ച്ച ചെയ്തത്. സഭാ സമാധനത്തിന് മറ്റെങ്ങും പോകേണ്ടതില്ല. സ്വത്വവും സത്യവും മനസിലാക്കിയാല്‍ മാത്രം മതിയെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യാക്കോബായ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യാക്കോബായ സഭ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയനെ നേരില്‍ കാണാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായെന്നും മോദി എക്‌സില്‍ കുറിച്ചു. സഭകള്‍ക്കിടയിലെ ഐക്യം വിശ്വാസികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്താമെന്ന് അദ്ദേഹം സഭാ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും നരേന്ദ്ര മോദി പറഞ്ഞു.



Be the first to comment