‘കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധത്തിനുള്ളത് ജനാധിപത്യശൈലിയല്ല, ഭീകരാക്രമണത്തിന്റെ ശൈലി’; മന്ത്രി എം ബി രാജേഷ്

കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധം ജനാധിപത്യപരമല്ലെന്ന് മന്ത്രി എം ബി രാജേഷ് . റീത്ത് വെയ്ക്കല്‍ പ്രതിഷേധം ഭീകരാക്രമണ ശൈലിയിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളുടെ പ്രേരണയിലാണ് മന്ത്രി വീണാ ജോര്‍ജിനെതിരെ ആക്രമണം നടന്നത്. റീത്ത് വെച്ചുള്ള പ്രതിഷേധം തള്ളിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നടപടി കണ്ണില്‍ പൊടിയിടാനാണെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ശസ്ത്രക്രിയാ പിഴവിന് ആരോഗ്യമന്ത്രിയെ വേട്ടയാടുന്നതില്‍ ന്യായീകരണമില്ലെന്ന് മന്ത്രി എം ബി രാജേഷ് വിമര്‍ശിച്ചു. സര്‍ക്കാര്‍ ആശുപത്രികളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ആസൂത്രിത സമരമാണ് നടക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിലെ കൊല്ലം വിജിലന്‍സ് കോടതി പരാമര്‍ശത്തിനെതിരെയും മന്ത്രി എം ബി രാജേഷ് ആഞ്ഞടിച്ചു. കൊല്ലം വിജിലന്‍സ് കോടതിയല്ല, കേരളത്തിലെ പരമോന്നത കോടതി. അന്വേഷണ വിവരങ്ങള്‍ അറിയാവുന്നത് ഹൈക്കോടതിക്കാണ്. പ്രതിപക്ഷ നേതാവ് ഹൈക്കോടതിക്ക് മുകളില്‍ സ്വയം പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും എം ബി രാജേഷ്  പറഞ്ഞു.

ഡാറ്റാ ചോര്‍ച്ചാ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറിയെന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി. നിയമപരമായല്ലാതെ കെ -സ്മാര്‍ട്ട് ഒന്നും ചെയ്തിട്ടില്ല. ജനങ്ങളുടെ ഒരു വിവരവും ചോര്‍ന്നിട്ടില്ലെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയത് പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചെന്ന് ആവര്‍ത്തിച്ച് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. പരസ്പര മര്യാദയുടെ പേരില്‍ കൂടുതല്‍ പറയാനില്ല. പ്രതിപക്ഷ നേതാവ് പറയുന്ന അതേ രീതിയില്‍ മറുപടി പറയാനില്ലെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*