ഇറാനിൽ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ചരിത്രപരമായ നേതൃത്വത്തിന് ട്രംപിന് നന്ദി. ഇത് അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത ഓപ്പറേഷൻ. ഭീഷണിക്ക് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നും നെതന്യാഹു പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കാൻ പാടില്ല എന്നും നെതന്യാഹു.
ഈ അപ്രതീക്ഷിത ആക്രമണം ഇറാനിലെ ആയത്തുള്ള ഖമേനി ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ള നീക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുറന്നടിച്ചു. സ്ഫോടനശബ്ദങ്ങളാൽ ടെഹ്റാൻ നഗരം ഞെട്ടിവിറച്ചതിന് തൊട്ടുപിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, ഇറാനിലെ ജനങ്ങൾ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി തങ്ങളുടെ ഭാവി സ്വന്തം കൈകളിലെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ഈ സംയുക്ത നീക്കം ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ ഭാവി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് നെതന്യാഹു പറഞ്ഞു. ചരിത്രപരമായ നേതൃത്വം നൽകിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ലോകത്തെ ഏറ്റവും അപകടകരമായ ഈ ഭീകര ഭരണകൂടത്തെ മാനവരാശിക്ക് ഭീഷണിയാകുന്ന രീതിയിൽ ആണവായുധങ്ങൾ നിർമ്മിക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു.
ഓപ്പറേഷൻ റോറിംഗ് ലയൺ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ തങ്ങൾ വൻതോതിലുള്ള യുദ്ധനടപടികൾ ആരംഭിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് നൽകാതെ ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും, ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു.



Be the first to comment