നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ യുഡിഎഫില്‍ ഊര്‍ജ്ജിതമായി. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനൊപ്പം നില്ക്കുന്ന കാഞ്ഞിരപ്പള്ളി തിരിച്ചു പിടിക്കുക ലക്ഷ്യമിട്ട് അപ്രതീക്ഷിത നീക്കം നടത്താനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. എല്‍ഡിഎഫില്‍ നിന്ന് സീറ്റ് തിരിച്ചുപിടിക്കാന്‍ ദേശീയ തലത്തിലുള്ള ഒരു മുഖത്തെ കൊണ്ടു വരാനാണ് നീക്കം.
എഐസിസി സെക്രട്ടറിയും ടാലന്റ് ഹണ്ട് സോണല്‍ കോര്‍ഡിനേറ്ററുമായ അഡ്വ. മാത്യു ആന്റണിയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി എഐസിസി നേതൃത്വം നിര്‍ദ്ദേശിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജസ്റ്റിസ് സിറിയക് ജോസഫിന്റെ മരുമകനായ ആന്റണി ചങ്ങനാശ്ശേരി സ്വദേശിയാണ്. നിലവില്‍ മുംബൈയിലാണ് താമസം. മേഘാലയ, മിസോറാം, അരുണാചല്‍ പ്രദേശ് എന്നിവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് അദ്ദേഹം.
ശക്തമായ അക്കാദമിക്, മാനേജ്മെന്റ് യോഗ്യതകളുള്ള ഒരു സമര്‍ത്ഥനായ സംഘാടകനായിട്ടാണ് മാത്യു ആന്റണിയെ പാര്‍ട്ടിക്കുള്ളില്‍ അറിയപ്പെടുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ ഒരു സര്‍വേയില്‍ പ്രാദേശിക സ്ഥാനാര്‍ത്ഥികളേക്കാള്‍ മാത്യു ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അനുകൂലിച്ചതായി പറയപ്പെടുന്നു. മുതിര്‍ന്ന നേതാവ് ജോസഫ് വാഴയ്ക്കന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മരിയ ഉമ്മന്‍ എന്നിവരും സീറ്റ് ലക്ഷ്യമിടുന്നവരില്‍ ഉള്‍പ്പെടുന്നു.
കാഞ്ഞിരപ്പള്ളിയിലെ കരിപ്പാപ്പറമ്പില്‍ കുടുംബത്തിലാണ് മാത്യു ആന്റണിയുടെ വേരുകള്‍. അതുകൊണ്ടുതന്നെ ദേശീയമായ തലത്തിലുള്ള പദവിക്കൊപ്പം പ്രാദേശികമായ ഒരു ബന്ധം സ്ഥാപിക്കാനും മാത്യുവിന് കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ദേശീയ പ്രാധാന്യമുള്ള മണ്ഡലമായതിനാല്‍ തന്നെ, മത്സരം പ്രാദേശിക നേതാക്കള്‍ക്ക് മാത്രമായി വിടാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.
കേരള കോണ്‍ഗ്രസ് (എം) നേതാവ് എന്‍ ജയരാജ് തുടര്‍ച്ചയായി നാലാം തവണയും മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യനെ ബിജെപി പരിഗണിക്കുന്നുവെന്നാണ് സൂചന. അതിനാല്‍ ദേശീയ സ്വാധീനമുള്ള ഒരു കത്തോലിക്കാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് വിജയത്തിന് സഹായകമാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
”കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് ബിജെപി സ്ഥാനാര്‍ത്ഥിയായാല്‍ കാഞ്ഞിരപ്പള്ളി ദേശീയ ശ്രദ്ധ നേടും. ഈ സാഹചര്യത്തില്‍, യു.ഡി.എഫിന് ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ആവശ്യമാണ്. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മാത്യു ആന്റണിയാണ് മണ്ഡലത്തിന് ഏറ്റവും അനുയോജ്യന്‍.” ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ പഠിക്കുമ്പോഴാണ് മാത്യു ആന്റണി കെഎസ്യുവിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് 1994 നും 1997 നും ഇടയില്‍ ഭാരത് മാതാ കോളേജിലെ കെഎസ്യു യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു. രണ്ട് എംബിഎ ബിരുദധാരിയായ അദ്ദേഹം മാനേജ്മെന്റ് വിദഗ്ദ്ധന് എന്നും അറിയപ്പെടുന്നു.
മുംബൈയിലെ അദ്ദേഹത്തിന്റെ സംഘടനാ പരിചയവും കാഞ്ഞിരപ്പള്ളിയിലെ വ്യക്തിപരമായ നെറ്റ്വര്‍ക്കുകളും പ്രചാരണത്തിന് ഊര്‍ജ്ജം പകരുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. മെട്രോ ലെവല്‍ എക്സ്പോഷറുള്ള ഒരു സ്ഥാനാര്‍ത്ഥി മണ്ഡലത്തിന് പുതിയ വികസന ദര്‍ശനം കൊണ്ടുവരുമെന്ന് നേതാക്കള്‍ വാദിക്കുന്നു. അതേസമയം, കാഞ്ഞിരപ്പള്ളി കത്തോലിക്കാ സമൂഹത്താല്‍ സ്വാധീനിക്കപ്പെടുന്ന സ്ഥലമാണെങ്കിലും, ഹിന്ദു വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് പ്രതികൂലമായേക്കാംഎന്ന ആശങ്ക മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പങ്കുവെച്ചു.



Be the first to comment