ചാരന്മാരെ തിരിച്ചറിയാന്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ രഹസ്യസംഘം ഉള്‍പ്പെടെ വിവരങ്ങള്‍ അമേരിക്കയ്ക്കും ഇസ്രയേലിനും ചോര്‍ത്തി; ഖമനയി വധത്തിന് വഴിയൊരുങ്ങിയത് ഇങ്ങനെ

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ഉള്‍പ്പടെ ഇല്ലാതാക്കാന്‍ ഇറാനിലെ സുരക്ഷാവീഴ്ചകള്‍ വഴിയൊരുക്കി. ഇറാനിയന്‍ രഹസ്യങ്ങള്‍ മൊസാദിലേക്കും സിഐഎയിലേക്കും ചോരുന്നത് ഇറാന് തടയാനായില്ല.ശനിയാഴ്ച നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും പുറത്തുവന്നു. 

വ്യക്തമായ ലക്ഷ്യവും പൂര്‍ണഫലവും ഇല്ലാത്തതായിരുന്നു കഴിഞ്ഞ ജൂണിലെ പന്ത്രണ്ട് ദിനയുദ്ധം. എന്നാല്‍ ഇതിലൂടെ നിര്‍ണായക രഹസ്യവിവരങ്ങള്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും ചാര ഏജന്‍സികളുടെ കൈവശമെത്തി. ബങ്കറുകളില്‍ ഒളിച്ചിരുന്ന ഇറാന്‍ ഉന്നതരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ സിഐഎയ്ക്കും മൊസാദിനും ലഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സെല്‍ഫോണുകള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തി. ട്രാക്കിങ് ഇറാന്‍ തിരിച്ചറിഞ്ഞു. ഖമനേയി അസ്വസ്ഥനായി. ചാരന്മാരെ തിരിച്ചറിയാന്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ രഹസ്യസംഘത്തിന്റെ തലവന്‍ ഉള്‍പ്പടെ വിവരം ചോര്‍ത്തി. സുരക്ഷാ ചോര്‍ച്ച വ്യക്തമായിട്ടും, സംഘര്‍ഷം നിറഞ്ഞുനിന്ന ജനുവരിയിലും ഫെബ്രുവരിയിലും തിരുത്താന്‍ ഇറാനായില്ല. നേതാക്കളെ സുരക്ഷിതരാക്കാന്‍ പ്ലാന്‍ ബി-യുമില്ല. ഖമനയിയുടെയും ഇറാന്‍ നേതാക്കളുടെയും ചലനങ്ങള്‍ സിഐഎയുടേയും മൊസാദിന്റെ കൈവശം തത്സമയമെത്തി.

പിന്നീട് മൂന്ന് ഘട്ടമായാണ് ആക്രമണം നടന്നത്. ആദ്യലക്ഷ്യം ഖമനേയി തന്നെയായിരുന്നു. മറ്റുള്ളവരെ ആക്രമിച്ചാല്‍, ഖമനേയിക്ക് രക്ഷപ്പെടാന്‍ സമയവും സാഹചര്യവും ഒരുങ്ങുമെന്നായിരുന്നു കണക്കുകൂട്ടല്‍. ശത്രുവിന്റെ രാജ്യാതിര്‍ത്തി കടക്കാതെ ഇസ്രയേല്‍ എഫ്-15 യുദ്ധവിമാനത്തില്‍ നിന്ന് ബ്ലാക് സ്പാരോ മിസൈലുകള്‍ ടെഹ്‌റാനില്‍ പതിച്ചു. ലക്ഷ്യസ്ഥലങ്ങള്‍ തകര്‍ന്നു. പിന്നാലെ ഇറാന്റെ മിസൈല്‍വേധ സംവിധാനങ്ങള്‍ തകര്‍ത്തു. വ്യോമപ്രതിരോധം തകര്‍ന്ന ഇറാന്റെ ആകാശത്ത് ഇസ്രയേലിന്റെ ഇരുന്നൂറോളം യുദ്ധവിമാനങ്ങള്‍ നിരന്നു. ഒപ്പം അമേരിക്കയും ചേര്‍ന്നു. പടിഞ്ഞാറ് അമേരിക്കയും കിഴക്ക് ഇസ്രയേലും നിര്‍ണായക ലക്ഷ്യങ്ങളില്‍ കടന്നുകയറുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*