കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പുകള്‍ വഴി വാഹനങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. റോഡ് സേഫ്റ്റി കെഡേറ്റുകളാകുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്കൂള്‍ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും വാഹനങ്ങളുടെ സാങ്കേതികവശങ്ങളെക്കുറിച്ചറിയാനും അവസരമൊരുങ്ങുന്നത്.
30 കുട്ടികള്‍ക്കാണ് പ്രവേശനം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനത്തില്‍ തുല്യത ഉറപ്പാക്കും. റോഡ് സുരക്ഷയും സുരക്ഷിത യാത്രയും ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്നതാണ് റോഡ് സേഫ്റ്റി കെഡേറ്റ് പദ്ധതി. എട്ട്, ഒന്‍പത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. പത്തു മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി അനുവദിക്കും. ഒരു വിദ്യാഭ്യാസ ജില്ലയില്‍ ഒരു സ്കൂളില്‍ ആദ്യഘട്ടത്തില്‍ പദ്ധതിയാരംഭിക്കും.
ട്രോമാ കെയര്‍, പ്രഥമ ശുശ്രൂഷ, ലഹരിവിരുദ്ധ പ്രവര്‍ത്തനം, നീന്തല്‍ എന്നിവയിലുള്‍പ്പെടെ സമഗ്ര പരിശീലനം ഉറപ്പാക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും.



Be the first to comment