പശ്ചിമേഷ്യ സംഘർഷം: സഹായത്തിന് ഗൾഫ് രാജ്യങ്ങളിൽ കൂട്ടായ്‌മകൾ രൂപീകരിച്ച് നോർക്ക; കൺട്രോൾ റൂമും കൗൺസിലിങ് സേവനവും ആരംഭിച്ചു

തിരുവനന്തപുരം: ഇറാൻ- ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസികേരളീയരുടെയും വിദേശയാത്രക്കാരായ കേരളീയരുടെയും നിലവിലെ സാഹചര്യം വിലയിരുത്തി നോർക്ക റൂട്ട്‌സ്. സംഘർഷ മേഖലകളിൽ രാജ്യങ്ങൾ തിരിച്ച് പ്രത്യേകം റീജിയണൽ വിജിലൻസ് കോ-ഓഡിനേഷൻ ടീമും ആവശ്യമുളളവർക്ക് സഹായം എത്തിക്കുന്നതിനായി നോർക്ക കൂട്ടായ്മകളും രൂപീകരിച്ചു. നോർക്ക വകുപ്പ്, നോർക്ക റൂട്ട്‌സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങൾ, എംബസി വോളൻ്റിയർമാർ, നോർക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികൾ, സാമൂഹികപ്രവർത്തകർ, പ്രമുഖ വ്യക്തികൾ എന്നിവരുൾപ്പെടുന്നതാണ് കൂട്ടായ്മകൾ. വിവിധ രാജ്യങ്ങളിൽ നിന്നും നോർക്കയിലേക്ക് സഹായം ആവശ്യപ്പെട്ട് നിരവധിപേർ ബന്ധപ്പെടുന്നുണ്ട്.

യുഎഇ

വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരും അടിയന്തരമായി നാട്ടിലേക്കും തിരിച്ചു വരേണ്ട പ്രവാസികളുമാണ് പ്രധാനമായും ബന്ധപ്പെട്ടത്. ഹയർ സെക്കന്‍ഡറി പരീക്ഷയ്ക്കായി നാട്ടിലെത്തേണ്ട വിദ്യാർഥിയുടെ കുടുംബം, വിവാഹത്തിനായി എത്തേണ്ട യുവതിയും കുടുംബവും, ഹോട്ടൽ എക്സ്റ്റൻഷൻ ആവശ്യപ്പെട്ട്, താമസ രജിസ്‌ട്രേഷൻ അവസാനിച്ചവർ, വിമാനം റദ്ദായി ഗ്രേസ് പീരിയഡ് കഴിഞ്ഞാൽ പിഴ ബാധകമാകുമെന്ന ആശങ്കയുളളവർ, ട്രാൻസിറ്റ് വിസയിലെത്തി കുടുങ്ങിയവർ എന്നിവരുൾപ്പെടെ 102 പേരാണ് നോർക്ക ഹെൽപ്പ് ഡെസ്‌കിൽ ബന്ധപ്പെട്ടത്. അടിയന്തര സഹായം ആവശ്യമുളളവർക്ക് ലഭ്യമാക്കി.

ഖത്തർ

ഖത്തറിൽ നിന്ന് സുരക്ഷാ ആശങ്കകൾ, യാത്രാ തടസ്സങ്ങൾ, വിസ സംബന്ധമായ വിഷയങ്ങൾ, താമസം, ഭക്ഷണം, മരുന്നുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആകെ 54 അന്വേഷണങ്ങൾ ലഭിച്ചു. ആവശ്യമായ തുടർനടപടികൾക്കും സഹായത്തിനുമായി എല്ലാ കേസുകളും രേഖപ്പെടുത്തി നിരീക്ഷിച്ചുവരുന്നു. അടിയന്തര സാഹചര്യമുളളവയിൽ നടപടി സ്വീകരിച്ചു.

മറ്റു രാജ്യങ്ങൾ

ബഹ്‌റൈൻ നിന്നും 51 പേരും കുവൈറ്റിൽ നിന്നും 12 ഉം ഒമാനിൽ നിന്നു അഞ്ചും സൗദിയിൽ നിന്നും നാലും യുകെ യിൽ നിന്നും രണ്ടു പേരുമാണ് നോർക്ക ഹെൽപ്പ് ഡെസ്‌ക്കിൽ ബന്ധപ്പെട്ടത്. പൊതുവായ അന്വേഷണങ്ങളാണ് ഇവിടങ്ങളിൽ നിന്നുണ്ടായത്.

കൗൺസിലിങിന് ടെലി മനസ്സ് സേവനം

നോർക്ക ഹെൽപ്ഡെസ്‌ക്കിലും അല്ലാതെയും ബന്ധപ്പെടുന്നവരിൽ ആവശ്യമായുളളവർക്ക് കൗൺസിലിങ് സേവനം ലഭ്യമാക്കാനായി ദേശീയ ആരോഗ്യ ദൗത്യം (കേരളം) കൗൺസിലർമാരെ ചുമതലപ്പെടുത്തി. സേവനങ്ങൾക്കായി പ്രവാസികേരളീയർക്കും കുടുംബാംഗങ്ങൾക്കും +91-4712430001 നമ്പറിലോ ഇന്ത്യയിൽ നിന്നുളളവർക്ക് 14416 എന്ന ടോൾ ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. നോർക്കയുടെ അഭ്യർഥന മാനിച്ചാണ് കൗൺസിലിങ്ങ് സേവനം ഏർപ്പെടുത്തിയത്.

നോർക്ക സെൻ്ററിൽ കൺട്രോൾ റൂം

24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക റൂട്ട്‌സ് ഹെൽപ്ഡെസ്‌ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും) ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം (01123747079, 01123742320, +919310443880) എന്നിവയ്ക്കു പുറമേ നോർക്ക സെൻ്ററിൽ എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ എന്നിവരുമായുളള ഏകോപനത്തിനാണ് കൺട്രോൾ റൂം.

Be the first to comment

Leave a Reply

Your email address will not be published.


*