ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം കൈപ്പറ്റിയതായുള്ള ആരോപണം: ഉദയഭാനുവിനെതിരെ നിയമനടപടിക്ക് ആൻ്റോ ആൻ്റണി

തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ചിരുന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് ആൻ്റോ ആൻ്റണി എംപി പണം കൈപ്പറ്റിയതായുള്ള മുൻ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിൻ്റെ ആരോപണത്തിനെതിരെ നിയമനടപടിക്ക് എംപി തയാറെടുക്കുന്നു. സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ച കെ പി ഉദയഭാനുവിനെതിരെ ആൻ്റോ വക്കീൽ നോട്ടീസയച്ചിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരുന്നത്. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.

മറുപടി തൃപ്തികരമല്ലെന്ന് ആൻ്റോ ആൻ്റണി

എന്നാൽ താൻ നൽകിയ നോട്ടീസിനുള്ള ഉദയഭാനുവിൻ്റെ മറുപടി തൃപ്തികരമല്ലെന്ന് ആൻ്റോ ആൻ്റണി ഇ ടിവി ഭാരതിനോട് പറഞ്ഞു. പത്രവാർത്ത കണ്ടാണ് ഇത്തരമൊരു കാര്യം താൻ പറഞ്ഞതെന്നാണ് ഉദയഭാനുവിൻ്റെ മറുപടി. എന്നാൽ ഉദയഭാനു പറഞ്ഞ കാര്യങ്ങളാണ് യഥാർഥത്തിൽ പത്രവാർത്തയായി വന്നത്. അതുകൊണ്ടുതന്നെ തനിക്ക് ലഭിച്ച മറുപടി നിയമവിദഗ്ധരെ ഏൽപ്പിച്ചിട്ടുണ്ട്. അവരുമായി കൂടിയാലോചിച്ച് വിഷയത്തിൽ തുടർനടപടികൾ തീരുമാനിക്കുമെന്നും ആൻ്റോ അറിയിച്ചു.

ഉദയഭാനുവിൻ്റെ ആരോപണം

ഇക്കഴിഞ്ഞ ജനുവരി 27നാണ് ആൻ്റോ ആൻ്റണിക്കതിരെ ആരോപണവുമായി ഉദയഭാനു രംഗത്ത് വന്നത്. ശബരിമല തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ചിരുന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ആൻ്റോ ആൻ്റണി പണം കൈപ്പറ്റിയെന്നായിരുന്നു ആരോപണം.

എംപിയുടെ ഭാഗത്തുനിന്നുണ്ടായ ദുരൂഹമായ പണമിടപാടുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമല തന്ത്രിയുമായി അടുത്ത ബന്ധമുള്ള സ്ഥാപനത്തിൽ നിന്ന് ജനപ്രതിനിധി പണം കൈപ്പറ്റിയത് ഗൗരവകരമായ വിഷയമാണെന്നും ഈ അവിശുദ്ധ കൂട്ടുകെട്ടിന് പിന്നിലെ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും പരാമർശമുണ്ടായിരുന്നു. എന്നാൽ ഇത് പൂർണമായും തള്ളിക്കൊണ്ട് ആൻ്റോ ആൻ്റണി രംഗത്ത് വന്നിരുന്നു.

ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമ രാജുവിൻ്റെ പത്രസമ്മേളനം

ഉദയഭാനുവിൻ്റെ ആരോപണത്തിൻ്റെ തുടർച്ചയായി തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമ എൻ എം രാജു നടത്തിയ പത്രസമ്മേളനത്തിൽ ആൻ്റോ ആൻ്റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ചിരുന്നു. രണ്ട് മാസത്തിനകം തിരികെ നൽകാമെന്ന ഉറപ്പിൽ ആൻ്റോ തൻ്റെ പക്കൽനിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്നും, എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്നുമാണ് രാജു ഫെബ്രുവരി ഏഴിന് നടത്തിയ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയത്.

പത്ത് ലക്ഷം രൂപവീതം രണ്ട് തവണകളായാണ് ഈ തുക ലഭിച്ചത്. തൻ്റെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ മകൾ ഉൾപ്പെടെ എംപിയുടെ വീട്ടിൽചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നൽകാൻ തയാറായില്ലെന്നും ആയിരം തവണയെങ്കിലും പണത്തിനായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും രാജു ആരോപിച്ചു. ആൻ്റോ ആൻ്റണിയുമായുള്ള വ്യക്തിപരമായ ബന്ധത്തിൻ്റെ പുറത്താണ് യാതൊരു ഈടുമില്ലാതെ ഓഫീസിലെ അക്കൗണ്ട് വഴി ഈ പണം നൽകിയത്. അന്ന് തങ്ങൾ യുഡിഎഫിൻ്റെ ഭാഗമായിരുന്നതിനാലാണ് ഇത്തരമൊരു സഹായം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2018-19 കാലയളവിൽ പണം നൽകുമ്പോൾ കേരള കോൺഗ്രസ് (എം) യുഡിഎഫിലായിരുന്നു. എന്നാൽ, പിന്നീട് മുന്നണിയിൽനിന്ന് പുറത്താക്കപ്പെട്ടതോടെ എൽഡിഎഫുമായി സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

പണമിടപാടിൽ യാതൊരു അസ്വാഭാവികതയുമില്ലെന്നും എല്ലാ രേഖകളും കൃത്യമാണെന്നും എൻ എം രാജു പറഞ്ഞു. യാതൊരു ഈടുമില്ലാതെ പണം നൽകിയത് കള്ളപ്പണമാണോ എന്ന ചോദ്യത്തിന്, പണം എംപി എങ്ങനെ ഉപയോഗിച്ചു എന്നത് അദ്ദേഹത്തോടാണ് ചോദിക്കേണ്ടതെന്നും താൻ വസ്തുതകൾ മാത്രമാണ് പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പണം തിരികെ ലഭിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇതുവരെ പൊലീസിൽ പരാതി നൽകാതിരുന്നതെന്നും ഇപ്പോൾ ഈ വിഷയം പരസ്യമാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതോടെ താൻ നേരത്തെ ഉന്നയിച്ച കാര്യങ്ങൾ തന്നെയാണ് എൻ എം രാജുവും വാർത്താ സമ്മേളനത്തിലൂടെ ഇപ്പോൾ സമൂഹത്തെ അറിയിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ഉദയഭാനു രംഗത്ത് വരികയായിരുന്നു. പണമിടപാടുകളുമായി ബന്ധപ്പെട്ട് ആൻ്റോ ആൻ്റണി നടത്തുന്ന പ്രസ്താവനകളിൽ വലിയ ദുരൂഹതയുണ്ടെന്നും എത്ര രൂപ വാങ്ങി എന്നോ, എത്ര രൂപ തിരിച്ചു കൊടുത്തു എന്നോ വ്യക്തമാക്കാൻ അദ്ദേഹം തയാറാകുന്നില്ലെന്നും ആരോപിച്ച ഉദയഭാനു പണം വാങ്ങിയ രീതിയെക്കുറിച്ചോ അത് എങ്ങനെയാണ് തിരിച്ചു നൽകിയത് എന്നതിനെക്കുറിച്ചോ കൃത്യമായ മറുപടി നൽകാതെ ആൻ്റോ ആൻ്റണി ഒളിച്ചുകളിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

പണം വാങ്ങിയെന്ന് സമ്മതിച്ച് ആൻ്റോ ആൻ്റണി

നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരള കോൺഗ്രസ് (എം) നേതാവുമായ എൻ എം രാജു തന്നെ സഹായിച്ചിട്ടുണ്ട്. അന്നദ്ദേഹം യുഡിഎഫ് നേതാവായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് അങ്ങനെ സഹായം ലഭിക്കാതെ ഒരു കോൺഗ്രസ് സ്ഥാനാർഥിക്കും നിലനിൽക്കാൻ സാധിക്കില്ല. കാരണം കോൺഗ്രസിന് പണമില്ലെന്നും വിഷയത്തെ തുടർന്ന് ആൻ്റോ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. രാജു തന്നെ സഹായിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ പണം തിരികെ ആവശ്യപ്പെട്ടു. പണം തിരിച്ചുകൊടുത്തു. തന്നെ മാത്രമല്ല, സിപിഎമ്മിനെയും സഹായിച്ചിട്ടുണ്ട്. രണ്ടുകോടിയെക്കുറിച്ച് എനിക്കറിയില്ല. ഇടതുമുന്നണിയുടെ സമ്മർദ്ദം കൊണ്ട് എന്തെങ്കിലും ആരോപണം രാജുവിനുണ്ടെങ്കിൽ നിയമപരമായി കേസുകൊടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഉദയഭാനുവിന് വക്കീൽ നോട്ടീസ്

ഫെബ്രുവരി പത്തിനാണ് ആൻ്റോ ആൻ്റണി ഇതുസംബന്ധിച്ച വക്കീൽ നോട്ടീസ് ഉദയഭാനുവിന് അയച്ചതായുള്ള വാർത്തകൾ പുറത്ത് വന്നത്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*