അഞ്ചു വര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തിന് ജനവിധി നിര്‍ണ്ണയിക്കപ്പെട്ട 25 മണ്ഡലങ്ങളുണ്ടായിരുന്നു കേരളത്തില്‍. ഇതില്‍ 16 ഇടത്ത് ഇടതു മുന്നണിയും ഒന്‍പത് ഇടത്ത് ഐക്യ ജനാധിപത്യ മുന്നണിയുമാണ് ജയിച്ചത്. ഈ മണ്ഡലങ്ങളില്‍ 15 ഇടത്ത് യുഡിഎഫും ഏഴ് ഇടത്ത് ഇടതു മുന്നണിയും മൂന്നിടത്ത് എന്‍ഡിഎയുമായിരുന്നു നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്.
2021 ല്‍ നേരിയ ഭൂരിപക്ഷത്തില്‍ വിജയം നിശ്ചയിക്കപ്പെട്ട മണ്ഡലങ്ങളേയും അവിടത്തെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളേയും വിലയിരുത്തുകയാണിവിടെ. വടക്കേ അറ്റത്തു നിന്ന് തുടങ്ങിയാല്‍ മഞ്ചേശ്വരമാണ് കഴിഞ്ഞ തവണയും നേരിയ ഭൂരിപക്ഷത്തില്‍ ജനപ്രതിനിധിയെ തെരഞ്ഞെടുത്ത കാസര്‍കോട് ജില്ലയിലെ ഏക മണ്ഡലം. 745 വോട്ടിനാണ് ലീഗ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫ് തൊട്ടടുത്ത എതിരാളി ബിജെപിയിലെ കെ. സുരേന്ദ്രനെ തോല്‍പ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വി രമേശന് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. 1.7 ലക്ഷത്തില്‍പ്പരം വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മഞ്ചേശ്വരത്ത് 20016 വോട്ടിന് ലീഡ് ചെയ്തത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താനായിരുന്നു 17258 വോട്ടിന് മഞ്ചേശ്വരത്ത് ലീഡ് ചെയ്തത്. ഇടതു മുന്നണിക്ക് വലിയ പ്രതീക്ഷ ഇല്ലെങ്കിലും മഞ്ചേശ്വരം ബിജെപി അവരുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയില്‍ പെടുത്തി ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. വീണ്ടും ഒരിക്കല്‍ക്കൂടി കെ. സുരേന്ദ്രന് തന്നെ മഞ്ചേശ്വരത്ത് മല്‍സരിക്കാനിറങ്ങിയാല്‍ 2026 ലും വടക്കേയറ്റത്തെ ഈ മണ്ഡലത്തിലെ മല്‍സരം പൊടിപാറും.
കണ്ണൂര്‍ ജില്ലയില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തില്‍ ജനവിധി നിശ്ചയിക്കപ്പെട്ട മണ്ഡലങ്ങള്‍ രണ്ടെണ്ണമുണ്ടായിരുന്നു 2021 ല്‍. കണ്ണൂരും പേരാവൂരും. കണ്ണൂരില്‍ ഇടതു മുന്നണിയില്‍ നിന്ന് മല്‍സരിച്ച കോണ്‍ഗ്രസ് എസ്സിലെ രാമചന്ദ്രന് കടന്നപ്പള്ളി വെറും 1745 വോട്ടിനാണ് കോണ്‍ഗ്രസിലെ സതീശന് പാച്ചേനിയെ തോല്‍പ്പിച്ചത്. അതിനും നാല് മാസം മുമ്പ്, 2020 ഡിസംബറില്‍, നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 299 വോട്ടിന് യുഡിഎഫ് മുമ്പിലായിരുന്ന മണ്ഡലത്തില്‍ ഏറെ കഷ്ടപ്പെട്ടാണ് കടന്നപ്പള്ളിയും ഇടതു മുന്നണിയും കടന്നു കൂടിയത്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് മണ്ഡലത്തില്‍ കിട്ടിയത് 26030 വോട്ടിന്റെ ലീഡായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പെത്തുമ്പോള്‍ കാര്യങ്ങള്‍ ഇടതു മുന്നണിക്ക് കൂടുതല്‍ ദുഷ്കരമാകുന്നുവെന്നാണ് വോട്ട് കണക്കുകള്‍ പറയുന്നത്. 2025 ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡല പരിധിയില്‍ 8350 വോട്ടിന്റെ ലീഡുണ്ട് യുഡിഎഫിന്.
കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂര്‍ കഴിഞ്ഞ തവണ യുഡിഎഫ് നേടിയത് 3172 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.. സിപിഎം സ്ഥാനാര്‍ത്ഥി സക്കീര്‍ ഹുസൈന് മികച്ച പോരാട്ടമാണ് മണ്ഡലത്തില്‍ നടത്തിയത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് പേരാവൂരില്‍ 23841 വോട്ടിന്റെ ലീഡ് നേടിയിരുന്നു. അവിടെ നിന്ന് ഇത്തവണ 2025 ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 11233 ലേക്ക് ചുരുക്കിക്കൊണ്ടു വരാനായി എന്നതാണ് എല്‍ഡിഎഫിന്റെ ആശ്വാസം.
2021 ല്‍ നേര്‍ത്ത ഭൂരിപക്ഷത്തില്‍ വിജയിച്ച മൂന്ന് മണ്ഡലങ്ങളാണ് കോഴിക്കോട് ജില്ലയിലുള്ളത്. കുറ്റ്യാടിയും നാദാപുരവും തിരുവമ്പാടിയും. മൂന്നിടത്തും വിജയിച്ചത് ഇടതു മുന്നണിയായിരുന്നു.. കുറ്റ്യാടിയില്‍ 333 വോട്ടിന്ററെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ മുസ്ലീം ലീഗിലെ പാറക്കല്‍ അബ്ദുള്ളയെ തോല്‍പ്പിച്ചത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടിയില്‍ യുഡിഎഫ് ലീഡ് തിരിച്ചു പിടിച്ചെന്ന് മാത്രമല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെ ഇറക്കി 23635 വോട്ടിന്റെ വന്‍ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു. ആ ട്രെന്‍ഡ് നിലനിര്‍ത്താനായില്ലെങ്കിലും 2025 തദ്ദേശ തെരഞ്ഞെടുപ്പില്‍ 4558 വോട്ടിന്റെ ലീഡ് പിടിക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്.
നാദാപുരത്ത് സിപിഐയിലെ ഇകെ വിജയന് മൂന്നാം തവണയും വിജയിച്ചെങ്കിലും കഴിഞ്ഞ തവണ 4035 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2011 ലെ 7546 വോട്ടിന്റെ ഭൂരിപക്ഷം 2016 ല്‍ 4750 വോട്ടായി ചുരുങ്ങിയതാണ് വീണ്ടും കുറഞ്ഞ് 4035 ആയത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തില്‍ ഷാഫി പറമ്പിലിന് ലഭിച്ച ഭൂരിപക്ഷം 23877 വോട്ടിന്റേതായിരുന്നു. അത് ഇക്കഴിഞ്ഞ ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5365 ആയി ചുരുങ്ങിയെങ്കിലും മേല്‍ക്കൈ ഇപ്പോഴും യുഡിഎഫിനാണ്.
തിരുവമ്പാടിയില്‍ ഇടതു മുന്നണിയിലെ ലിന്റോ ജോസഫ് ലീഗിലെ സി പി ചെറിയ മുഹമ്മദിനെ തോല്‍പ്പിച്ചത് 4643 വോട്ടിനായിരുന്നു.. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് തിരുവമ്പാടിയില്‍ കിട്ടിയത് 28748 വോട്ടിന്റെ ലീഡായിരുന്നു. 2024 നവംബറില്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മല്‍സരിച്ചപ്പോള്‍ ഭൂരിപക്ഷം 50298 ആയി. ഇക്കഴിഞ്ഞ ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പിലും തിരുവമ്പാടിയില്‍ യുഡിഎഫിന്റെ മേധാവിത്തം തുടരുകയാണ്. 24197 വോട്ടിന്റെ ലീഡ്.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, താനൂര്‍, തവനൂര്‍ മണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയായിരുന്നു. ഇതില്‍ പെരിന്തല്‍മണ്ണയിലായിരുന്നു സംസ്ഥാനത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷം കണ്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി, മുസ്ലീം ലീഗിലെ നജീബ് കാന്തപുരം 38 വോട്ടിനാണ് ഇടതു മുന്നണിയിലെ കെപിഎം മുസ്തഫയെ തോല്‍പ്പിച്ചത്. കെപിഎം മുസ്തഫയുടെ അപരന്മാര് 2000 ത്തോളം വോട്ടും നജീബിന്റെ അപരന് 828 വോട്ടും പിടിച്ച മല്‍സരം 2021 ല്‍ കേരളം കണ്ട ഫോട്ടോ ഫിനിഷ് പോരാട്ടമായിരുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. 26799 വോട്ട് ലീഡ്. അതു തന്നെ 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. യുഡിഎഫിന് 16833 വോട്ടിന്റെ ലീഡ്.
കോണ്‍ഗ്രസ് വിട്ട് ഇടതു സഹയാത്രികനായ വി അബ്ദുറഹ്മാന് 2016 ലും 2021 ലും വിജയിച്ച മണ്ഡലമാണ് താനൂര്‍. താനൂരില്‍ 2016 ല്‍ 4918 വോട്ടിന് ജയിച്ച അബ്ദുറഹ്മാന്റെ ഭൂരിപക്ഷം 2021 ല്‍ കേവലം 985 വോട്ടിന്റേതായിരുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ത്തന്നെ താനൂരില്‍ 41969 വോട്ടിന് യുഡിഎഫ് മുന്നിലെത്തിയിരുന്നു. താനൂരില്‍ 2025 ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16763 വോട്ടിന്റെ ലീഡുണ്ട്.
ഡോ.കെ ടി ജലീല്‍ 2011 മുതല്‍ പ്രതിനിധീകരിക്കുന്ന തവനൂര്‍ മണ്ഡലത്തില്‍ 2021 ല്‍ ഭൂരിപക്ഷം 2564 വോട്ടിന്റേതായിരുന്നു. 2011 ല്‍ 6854 വോട്ടിന്റേയും 2016 ല്‍ 17064 വോട്ടിന്റേയും ഭൂരിപക്ഷം ജലീലിന് തവനൂരില്‍ ലഭിച്ചിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി ലോക് സഭാ മണ്ഡലത്തിലുള്‍പ്പെട്ട തവനൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ സമദ് സമദാനിക്ക് 18016 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് തവനൂരില്‍ വിജയം ആവര്‍ത്തിച്ചു. 9492 വോട്ടിന്റെ ലീഡുണ്ട് യുഡിഎഫിന്.
പാലക്കാട് ജില്ലയില്‍ തൃത്താല , പാലക്കാട് മണ്ഡലങ്ങളിലാണ് 2021 ലെ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തില്‍ ഫലം നിര്‍ണ്ണയിക്കപ്പെട്ടത്. തൃത്താലയില്‍ എം ബി രാജേഷ് വി ടി ബല്‍റാമിനെ തോല്‍പ്പിച്ചത് 3016 വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു.. 2016 ല്‍ 10547 വോട്ടിന് വി ടി ബല്‍റാം ജയിച്ച മണ്ഡലമാണ് സിപിഎം പിടിച്ചെടുത്തത്. 2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പായപ്പോഴേക്ക് മണ്ഡലത്തിലെ മേല്‍ക്കൈ യുഡിഎഫ് തിരിച്ചു പിടിച്ചു. ലീഗ് സ്ഥാനാര്‍ത്ഥി സമദാനിക്ക് തൃത്താലയില്‍ 9203 വോട്ടിന്റെ ലീഡാണ് കിട്ടിയത്. 2025 ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പിലും അതേ മേല്‍ക്കൈ യുഡിഎഫ് തുടരുന്നതാണ് തൃത്താലയില്‍ കാണുന്നത്. 6321 വോട്ടിന്റെ ലീഡ്.
പാലക്കാട് മണ്ഡലം 2021 ല്‍ ശക്തമായ ത്രികോണ മല്‍സരത്തിനാണ് സാക്ഷ്യം വഹിച്ചത്. മെട്രോമാന് ഇ ശ്രീധരന് ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചപ്പോള്‍ പാലക്കാട്ടെ മല്‍സരം യുഡിഎഫും ബിജെപിയും തമ്മിലായി. ഒടുവില്‍ 3859 വോട്ടിനാണ് ഷാഫി പറമ്പില്‍ വിജയിച്ചത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന് പാലക്കാട് യുഡിഎഫിന്റെ ലീഡ് 9707 വോട്ടായി ഉയര്‍ത്തി. പിന്നീട് 2024 നവംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫിന്റെ ലീഡ് 18840 ആക്കി ഉയര്‍ത്തി. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും കേസുകളുടേയും പശ്ചാത്തലത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പാലക്കാട്ട് യുഡിഎഫിന് 5930 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 5000ത്തില്‍ താഴെയായിരുന്നു.. തൃശ്ശൂരില്‍ സിപിഐയിലെ പി ബാലചന്ദ്രന് ജയത്തോളമെത്തിയ കോണ്‍ഗ്രസിലെ പത്മജ വേണുഗോപാലിനെ തോല്‍പ്പിച്ചത് വെറും 946 വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു. എന്നാല്‍ 2024 ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പത്മജ വേണുഗോപാല്‍ തന്നെ ബിജെപിയില്‍ ചേരുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മണ്ഡലത്തില്‍ 14117 വോട്ടിന്റെ ലീഡ് നേടുകയും ചെയ്തു. ഒന്നര വര്‍ഷം കഴിഞ്ഞ് 2025 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ മുന്നിലെത്തിയിരിക്കുന്നത് യുഡിഎഫാണ്. 9966 വോട്ടിന്റെ ഭൂരിപക്ഷം.
ചാലക്കുടി മണ്ഡലം 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊരിഞ്ഞ പോരാട്ടത്തിലാണ് യുഡിഎഫ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സനീഷ് കുമാര്‍ ജോസഫ് 1057 വോട്ടിന്റെ വ്യത്യാസത്തിലാണ് കേരളാ കോണ്‍ഗ്രസിലെ ഡെന്നീസ് കെ ആന്റണിയെ തോല്‍പ്പിച്ചത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 5716 വോട്ടിന് ചാലക്കുടിയില്‍ കോണ്‍ഗ്രസിലെ ബെന്നി ബെഹനാനായിരുന്നു ലീഡ് ചെയ്തത്. 2025 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞടുപ്പില്‍ യുഡിഎഫ് ലീഡ് 11882 വോട്ടാക്കി ഉയര്‍ത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലും ഭൂരിപക്ഷം കഴിഞ്ഞ തവണ അയ്യായിരത്തില്‍ കുറവായിരുന്നു. കുന്നത്തുനാട്ടില്‍ എല്‍ഡിഎഫും പെരുമ്പാവൂരിലും തൃപ്പൂണിത്തുറയിലും യുഡിഎഫുമാണ് ജയിച്ചത്. പെരുമ്പാവൂരില്‍ കോണ്‍ഗ്രസിലെ എല്‍ദോസ് കുന്നപ്പള്ളില്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ബാബു ജോസഫ് പെരുമ്പാവൂരിനെ തോല്‍പ്പിച്ചത് 2899 വോട്ടുകള്‍ക്കായിരുന്നു. ചാലക്കുടി ലോക്സഭ മണ്ഡലത്തില്‍പ്പെട്ട പെരുമ്പാവൂരില്‍ 2024 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് 13950 വോട്ടിന് മുന്നിലെത്തിയിരുന്നു.. ഇക്കഴിഞ്ഞ 2025 ലെ തദ്ദേശ തെരഞ്ഞടുപ്പിലും പെരുമ്പാവൂരില്‍ യുഡിഎഫിന് 11876 വോട്ടിന്റെ മേല്‍ക്കൈ നേടാനായി.
തൃപ്പൂണിത്തുറയില്‍ 2021 ല്‍ കണ്ടത് കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ പ്രതികാരമായിരുന്നു. 2016 ല്‍ നഷ്ടമായ സീറ്റ് എം സ്വരാജിനെ അടിയറ പറയിച്ച് തന്നെ കെ ബാബു പിടിച്ചെടുത്തു. പക്ഷേ ഭൂരിപക്ഷം വെറും 992 വോട്ടിന്റേതായിരുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന് തൃപ്പൂണിത്തുറയില്‍ 31965 വോട്ടിന് മുന്നിലായിരുന്നു. എന്നാല്‍ 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തൃപ്പൂണിത്തുറയില്‍ യുഡിഎഫിന്റെ നില ഭദ്രമല്ലെന്ന സൂചനയാണ് ലഭിക്കുന്നത്. വെറും 243 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ യുഡി എഫിനുള്ളത്.
കുന്നത്തുനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ വി പി സജീന്ദ്രനെ തോല്‍പ്പിച്ച് സിപിഎമ്മിലെ പി വി ശ്രീനിജന് വിജയം പിടിച്ചെടുത്തത് വെറും 2715 വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു. പിന്നീട് നടന്ന 2024 ലെ ലോക്സഭ തെരഞ്ഞടുപ്പില്‍ കുന്നത്തുനാട് നിയമസഭാ മണ്ഡല പരിധിയില്‍ യുഡിഎഫ് മേല്‍ക്കൈ വീണ്ടെടുത്തു. 13434 വോട്ടിന്റെ ലീഡ്. ഇക്കഴിഞ്ഞ 2025 ലെ തദ്ദേശ തെരഞ്ഞടുപ്പിലും കുന്നത്തുനാട്ടില്‍ യുഡിഎഫിനാണ് ലീഡ്. 55888 വോട്ട് നേടിയ യുഡിഎഫിനു പിറകില്‍ 50712 വോട്ടുമായി ട്വന്റി ട്വന്റിയാണ് രണ്ടാമതുള്ളത്. 43014 വോട്ട് നേടി ഇടതു മുന്നണി വളരെ പുറകില്‍ മൂന്നാം സ്ഥാനത്താണ്. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം എന്‍ ഡി എയുടെ ഭാഗമായ ട്വന്റി ട്വന്റി കുന്നത്തുനാട്ടിലെ കണക്കുകള്‍ മാറ്റി മറിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലത്തില്‍ 1835 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി സിപിഐയിലെ വാഴൂര്‍ സോമന് വിജയിച്ചത്. ഇവിടെ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ത്തന്നെ ഡീന്‍ കുര്യാക്കോസ് യുഡിഎഫിനു വേണ്ടി 14641 വോട്ടിന്റെ ലീഡ് തിരിച്ചു പിടിച്ചിരുന്നു.. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് തന്നെയാണ് പീരുമേട്ടില്‍ മേല്‍ക്കൈ. 6124 വോട്ടിന്റെ ലീഡ്.
കടുത്തുരുത്തിയില്‍ അജയ്യനായ മോന്‍സ് ജോസഫിന് കഴിഞ്ഞതവണ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായെത്തിയ മാണി ഗ്രൂപ്പിലെ സ്റ്റീഫന്‍ ജോര്‍ജ്ജ് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അതുകൊണ്ടു തന്നെ ഭൂരിപക്ഷം 4256 വോട്ടായി ചുരുങ്ങി. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കടുത്തുരുത്തിയില്‍ ലീഡ് ഗണ്യമായി ഉയര്‍ത്തി. 11474 വോട്ടിനാണ് കോട്ടയം സീറ്റിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്ജ് കടുത്തുരുത്തിയില്‍ ലീഡ് ചെയ്തത്. 2025 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും കടുത്തുരുത്തി മണ്ഡല പരിധിയില്‍ 2480 വോട്ടിന് ലീഡ് ചെയ്യുകയാണ് യുഡിഎഫ്.
പത്തനംതിട്ട ജില്ലയില്‍ ഇടതു മുന്നണി വിജയിച്ച് റാന്നി അടൂര്‍ മണ്ഡലങ്ങളിലും 2021 ല്‍ ഭൂരിപക്ഷം മൂവായിരത്തില്‍ താഴെയായിരുന്നു. റാന്നിയില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടു കൊടുത്ത സീറ്റില്‍ ഇടതു സ്ഥാനാര്‍ത്ഥി പ്രമോദ് നാരായണ്‍ വിജയിച്ചത് 1285 വോട്ടിനാണ്. 2024 ല്‍ വന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസിലെ ആന്റോ ആന്റണി 9597 വോട്ടിന് ലീഡ് നേടിയിരുന്നു. . 2025 ഡിസംബറിലെ തദ്ദേശ തെരഞ്ഞടുപ്പിലും റാന്നി യുഡിഎഫിനൊപ്പം ചേര്‍ന്നു നില്‍ക്കുകയാണ്. 10927 വോട്ടിന്റെ ലീഡ്.
അടൂരില്‍ സിപിഐയിലെ ചിറ്റയം ഗോപകുമാര്‍ കോണ്‍ഗ്രസിലെ എം ജി കണ്ണനെ തോല്‍പ്പിച്ചത് 2919 വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു.. 2024 ല്‍ വന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ 2266 വോട്ടിന് ഇവിടെ യുഡിഎഫ് മുന്നിലെത്തി.2025 ഡിസംബറിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ലീഡ് 618 വോട്ടായി ചുരുങ്ങിയത് അടൂരില്‍ വരാനിരിക്കുന്ന പോരാട്ടം തീപ്പാറുന്നതായിരിക്കുമെന്ന സൂചന നല്കുന്നു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തില്‍ ജയിച്ച നാല് മണ്ഡലങ്ങളുണ്ടായിരുന്നു. കൊല്ലം ജില്ലയില്‍. ചവറയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി സുജിത് വിജയന് പിള്ള ജയിച്ചത് 1096 വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചവറയില്‍ യുഡിഎഫിനു വേണ്ടി എന്‍ കെ പ്രേമചന്ദ്രന് 25846 വോട്ടിന് ലീഡ് തിരിച്ചു പിടിച്ചു.2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ചവറയില്‍ 7796 വോട്ടിന്റെ ലീഡുണ്ട് യുഡിഎഫിന്.
കൊല്ലത്ത് കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണക്കെതിരെ ചലച്ചിത്ര താരം മുകേഷിന്റെ ലീഡ് 2072 വോട്ടിന്റേതായിരുന്നു. ഇവിടേയും 23792 വോട്ടിന് 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് ചെയ്തു. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത് മറ്റൊരു ചിത്രമാണ് വീണ്ടും കൊല്ലത്ത് നേരിയതെങ്കിലും ലീഡ് പിടിച്ചത് എല്‍ഡിഎഫാണ്. 2578 വോട്ടിന്റെ ലീഡ്.
കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന് ഇടതു ടിക്കറ്റില്‍ ജയിച്ചത് 3009 വോട്ട് ഭൂരിപക്ഷത്തിനാണ്. മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കുന്നത്തൂരില്‍ 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ഇടതു മുന്നണി തന്നെ ലീഡ് ചെയ്തു. 1347 വോട്ടിന്റെ ലീഡ്. ഇവിടെ 2025 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിയ മേല്‍ക്കൈ നേടിയിട്ടുണ്ട്. 594 വോട്ടിന്റെ ലീഡ്.
കുണ്ടറയില്‍ പിസി വിഷ്ണുനാഥ് യുഡിഎഫിനു വേണ്ടി മണ്ഡലം പിടിച്ചെടുത്തത് 4454 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രനിലൂടെ ഇവിടെ യുഡിഎഫ് 27105 വോട്ടിന് മുന്നിലെത്തി. എന്നാല്‍ 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സൂചനകള്‍ യുഡിഎഫിന് എതിരാണ്. 4258 വോട്ടിന് ഇടതു മുന്നണിയാണ് കുണ്ടറയില്‍ മുന്നിലുള്ളത്.
തിരുവനന്തപുരം ജില്ലയിലെ നേമം അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. ബിജെപിയിലെ കുമ്മനം രാജശേഖരനെ വി ശിവന് കുട്ടി തോല്‍പ്പിച്ചത് 3949 വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു.. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപി ലീഡ് തിരിച്ചു പിടിച്ചു. രാജീവ് ചന്ദ്ര ശേഖര്‍ നേമത്ത് നേടിയത് 22126 വോട്ടിന്റെ ലീഡായിരുന്നു. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഡ് കുറഞ്ഞെങ്കിലും നേമത്തെ മേല്‍ക്കൈ ബിജെപിക്ക് തന്നെയാണ് 5049 വോട്ടിന്റെ ലീഡ്.
ഇത്തരത്തില്‍ ഭൂരിപക്ഷത്തിന്റെ എണ്ണത്തിലുണ്ടാകുന്ന കുറവ് എന്ത് കൊണ്ടാണെന്ന് പരിശോധിക്കുമ്പോഴാണ് കേരള രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളിലേക്ക് നാം ചെന്നെത്തുന്നത്. മുന്‍കാലങ്ങളില്‍ ഇടതുവലതു മുന്നണികള്‍ മാത്രമായിരുന്നു കേരള രാഷ്ട്രീയത്തില്‍ ശക്തമായി മത്സരരംഗത്ത് ഉണ്ടായിരുന്നത്. തികച്ചും ഉഭയകക്ഷി പോരാട്ടം. ഈ ഇടത്തിലേക്കാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി എത്തിയിരിക്കുന്നത്. മുന്‍പൊക്കെ തങ്ങള്‍ അത്ര നിര്‍ണായക ശക്തിയല്ലെന്ന് തിരിച്ചറിഞ്ഞിരുന്ന ബിജെപി സ്വന്തം വോട്ടുകള്‍ തരാതരം പോലെ മറ്റ് മുന്നണികള്‍ക്ക് നല്കുന്ന ഒരു കാഴ്ചയ്ക്കാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചിരുന്നത്. എന്നാല്‍ ഇന്ന് കാലം മാറിയിരിക്കുന്നു. വിജയിച്ചാലും ഇല്ലെങ്കിലും തങ്ങളും അവഗണിക്കാത്ത ശക്തിയായി തന്നെ കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിലുണ്ട് എന്ന് പൊതുജനത്തെ ബോധിപ്പിക്കേണ്ടത് അവരുടെ ആവശ്യമായി മാറിയിരിക്കുന്നു. അതിനാല്‍ തങ്ങളുടെ വോട്ടുകള്‍ എങ്ങോട്ടും പോകാതെ സംരക്ഷിക്കേണ്ടത് അവരുടെ ആവശ്യമായി മാറിയിരിക്കുന്നു. ഇത് മറ്റ് മുന്നണികളുടെ ഭൂരിപക്ഷത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നുവെന്ന് പാലക്കാട് എലപ്പുള്ളി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ രാഷ്ട്രതന്ത്ര വിഭാഗം അധ്യാപകന് പ്രദീപ് വിലയിരുത്തുന്നു.
എന്നാല്‍ പ്രതിബദ്ധതാ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും അതാണ് ഇത്തരം പ്രവണതയുടെ കാരണമെന്നുമാണ് കേവലം 1096 വോട്ടുകള്‍ക്ക് 2021ല്‍ എംഎല്‍എ സ്ഥാനം നഷ്ടമായ ചവറയിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ആയിരുന്ന ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ വിലയിരുത്തുന്നത്. മുമ്പൊക്കെ അടിയുറച്ച കമ്യൂണിസ്റ്റുകളെയും കോണ്‍ഗ്രസുകാരെയും നമുക്ക് കാണാമായിരുന്നു. ഇവര്‍ എന്ത് സംഭവിച്ചാലും ആ പാര്‍ട്ടിക്ക് മാത്രമേ വോട്ട് ചെയ്യൂ. മാറ്റിക്കുത്തുന്നതിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല. എന്നാലിന്ന് മറ്റ് പല ഘടകങ്ങളെയും ആശ്രയിച്ച് വോട്ടുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറി മറിയുന്നുവെന്നും അദ്ദേഹം വിലയിരുത്തുന്നു. മുന്‍കാലങ്ങളിലും വളരെ അപൂര്‍വമായി മാത്രമാണ് മൃഗീയ ഭൂരിപക്ഷമെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഭൂരിപക്ഷം ഉണ്ടായിട്ടുള്ളൂവെന്നും ഷിബു ചൂണ്ടിക്കാട്ടുന്നു. നേരിയ ഭൂരിപക്ഷത്തിന് ഫലം മാറി മറിഞ്ഞ പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ചവറ പോലുള്ള മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ മൃഗീയ ഭൂരിപക്ഷമൊക്കെ തന്റെ പിതാവായ ബേബിജോണിന്റെ കാലം കഴിഞ്ഞ ശേഷം ഉണ്ടായിട്ടില്ലെന്നും ഷിബു കൂട്ടിച്ചേര്‍ക്കുന്നു.
ഇക്കുറി രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറെ മാറി മറിഞ്ഞിട്ടുണ്ടെന്നും ഒരു ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഉടലെടുത്തിട്ടുണ്ടെന്നും ഇതിപ്പോള്‍ യുഡിഎഫ് അനുകൂല തരംഗമായി മാറിയിരിക്കുന്നുവെന്നും അത് ഭരണമാറ്റത്തിലേക്ക് നയിക്കുമെന്നുമാണ് ഷിബുവിന്റെ വിലയിരുത്തല്‍. യുഡിഎഫിന്റെ അവകാശവാദമായ നൂറിലേക്ക് എത്താനായില്ലെങ്കിലും കേവല ഭൂരിപക്ഷം കടന്ന് അടുത്ത സര്‍ക്കാര്‍ രൂപീകരക്കാന്‍ തങ്ങള്‍ക്ക് ആകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുന്നു.
അതേസമയം ബിജെപി ഒരിക്കലും ഒരു വിജയപ്പാര്ട്ടിയായി നമ്മുടെ സംസ്ഥാനത്ത് മാറുന്നില്ലെന്നും അതേസമയം ജയാപരാജയങ്ങളിലെ നിര്‍ണായക ഘടകമാകുന്നുവെന്നുമാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രാഷ്ട്രതന്ത്ര വിഭാഗം അധ്യാപകന് പ്രൊഫ. ഡോ.ബിജു ബി എല്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ നിന്ന് തട്ടിമുട്ടി ജയിച്ച് നിയമസഭയിലെത്തുന്നതിന്റെ രാഷ്ട്രീയ കാരണങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.



Be the first to comment