ഇറാനെതിരെ തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി ഖത്തർ. ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുമെന്ന് ഖത്തറിനെ അറിയിച്ചിരുന്നില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി. മുന്നറിയിപ്പ് നൽകിയിട്ടും ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ചതോടെയാണ് ഇറാന്റെ ജെറ്റുകൾ വെടിവച്ചിട്ടത്. ഇറാൻ ദോഹയാണ് ലക്ഷ്യമിട്ടത്. ഖത്തർ പൂർണ്ണമായും തയ്യാറാണ്. ഇത്തരം ആക്രമണങ്ങൾക്ക് മറുപടി നൽകാതിരിക്കില്ലെന്ന് മജീദ് അൽ അൻസാരി പറഞ്ഞു.
ഇറാനുമായി ചർച്ചകൾ നടക്കുന്നില്ല. ഇറാന്റെ ജെറ്റിൽ നിന്ന് പുറത്തുവന്ന വൈമാനികരെ തിരയുകയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. നിലവിലുള്ള ഭീഷണിയെ നേരിടാൻ ആവശ്യമായ മിസൈൽ സംവിധാനം ഖത്തറിനുണ്ട്. പ്രതിരോധ മിസൈലുകളുടെ ശേഖരം ഖത്തറിനുണ്ടെന്നും അത് തീർന്നിട്ടില്ലെന്നും അദേഹം പറഞ്ഞു.
തങ്ങളെ ഭീഷണിപ്പെടുത്താൻ കഴിയില്ലെന്ന് ഖത്തർ തെളിയിച്ചിട്ടുണ്ട്. രാജ്യത്ത് പ്രവർത്തിക്കുന്ന മൊസാദ് സെല്ലുകളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി വ്യക്തമാക്കി.
വിമാനസർവീസുകൾ തടസ്സപ്പെട്ടതോടെ ഖത്തറിൽ കുടുങ്ങിക്കിടക്കുന്നത് 8000 ഓളം പേരാണ്. ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളം ആക്രമിക്കാൻ ഇറാൻ ശ്രമിച്ചെന്നും അതെല്ലാം പരാജയപ്പെട്ടുവെന്നും ഖത്തർ പറഞ്ഞു. ഇറാൻ ലക്ഷ്യമിടുന്നത് സൈനിക ലക്ഷ്യങ്ങളെ മാത്രമല്ല, ഖത്തറിന്റെ മുഴുവൻ പ്രദേശങ്ങളെയുമാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. ഖത്തർ എനർജി മറ്റ് ഉൽപ്പന്നങ്ങളുടെ ഉൽപാദനം നിർത്തി. ഇന്നലെ തന്നെ എൽഎൻജി ഉൽപാദനം നിർത്തിയിരുന്നു. ഇതിന് പുറമേ, യൂറിയ, പോളിമറുകൾ, മെഥനോൾ, അലുമിനിയം, എന്നിവയുടെ ഉൽപാദനമാണ് ഖത്തർ എനർജി നിർത്തിയത്.



Be the first to comment