ഒരു ദിവസം എത്രനേരം ഇയർഫോൺ ഉപയോ​ഗിക്കും?

ശരീരത്തിലെ ഒരു അവയവമെന്ന പോലെ ഇയർഫോണുകൾ ഉറക്കത്തിൽ പോലും നമ്മുടെ ചെവിയോടെ പറ്റിപ്പിടിച്ചിരിക്കാറുണ്ട്. എന്നാൽ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ദീർഘനേരമുള്ള ഇയർഫോൺ ഉപയോ​ഗം നിങ്ങളുടെ കേൾവിശക്തിയെ പോലും ബാധിക്കാം.

ഓഫീസിലും യാത്രകളിലും വീട്ടിലിരിക്കുമ്പോഴുമൊക്കെ ഇയർഫോൺ ഉപയോ​ഗം സാധാരണമായിക്കഴിഞ്ഞു. സ്ഥിരമായി ഇയർഫോൺ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

തലകറക്കം

ഇയർഫോണുകൾ ഉപയോ​ഗിക്കുമ്പോൾ ഉച്ചത്തിലുള്ള ശബ്ദം ഇയർകനാലിന് മർദമുണ്ടാക്കുകയും ഇത് തലകറക്കത്തിന് കാരണമാവുകയും ചെയ്യാം.

കേൾവിയെ ബാധിക്കാം

ഇയർഫോണുകൾ ദീർഘനേരം ഉപയോ​ഗിക്കുമ്പോൾ ശബ്ദതരം​ഗങ്ങൾ കാരണം ചെവിക്കുള്ളിലെ രോമകോശങ്ങൾക്ക് അവയുടെ സംവേദനക്ഷത നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ഇത് താൽക്കാലികമോ സ്ഥിരമോ ആയ കേൾവിക്കുറവിന് കാരണമാകാം.

ചെവിയിൽ അണുബാധ

ഇയർഫോണുകൾ നേരിട്ട് ഇയർകനാലിലേക്ക് ഘടിപ്പിക്കുന്നതിനാൽ വായുസഞ്ചാരം തടസ്സപ്പെടുന്നു. ഇത് ചെവിയിൽ അണുബാധയ്ക്ക് കാരണമാകാം. ഇയർഫോണുകളിൽ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതലാണ് ഇവ ആവർത്തിച്ച് ഉപയോ​ഗിക്കുമ്പോൾ ചെവിയിൽ അണുബാധ സാധ്യത കൂടുന്നു. ഇയർഫോണുകൾ പങ്കിടുന്നതും ഒഴിവാക്കുക.

ചെവിക്കായം അഥവാ ഇയർ വാക്സ്

ഇയർഫോണുകളുടെ ഉപയോ​ഗം ചെവിക്കായം വികസിക്കുന്നതിലേക്ക് നയിക്കും. ഇത് ചെവിയിൽ അണുബാധ, കേൾവി പ്രശ്നങ്ങൾ, ടിന്നിടസ് പോലുള്ളവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. മാത്രമല്ല, ചെവിക്ക് യോജിക്കാത്ത ഇയർഫോണുകൾ സ്ഥിരമായി ഉപയോ​ഗിക്കുന്നത് കഠിനമായ ചെവി വേദന ഉണ്ടാക്കുകയും ചെയ്യാം.

നോയിസ് ഇൻഡ്യൂസ്ഡ് ഹിയറിങ് ലോസ് (NIHL)

ഉച്ചത്തിലുള്ള ശബ്ദം മാത്രമല്ല, ദീർഘനേരം ഇയർഫോൺ ഉപയോഗിക്കുന്നതും NIHL കാരണമാകാം. കൂടാതെ രോമകോശങ്ങൾ തകരാറിലാകുന്നതോടെ ടിന്നിടസ് എന്ന അവസ്ഥയിലേക്കും നയിക്കാം. ചെവിയിൽ ഒരു മൂളൽ ശബ്ദം കേൾക്കുന്നതാണ് ടിന്നിടസ്. ടിന്നിടസ് ഉള്ളവർക്ക് സാധാരണ പാരിസ്ഥിതിക ശബ്ദങ്ങളോട് പോലും ഉയർന്ന സംവേദനക്ഷമത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇതിനെ ഹൈപ്പർഅക്കുസിസ് എന്നാണ് വിശേഷിപ്പിക്കുന്നത്.

ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ ഇയർഫോണുകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ഉച്ചത്തിൽ ഇയർഫോൺ കേൾക്കുന്ന ശീലവും ഒഴിവാക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*