‘പരമോന്നത നേതാവ് ആരായാലും വധിക്കും; എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യും’; ഇസ്രയേൽ

ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരായാലും വധിക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി. പരമോന്നത നേതാവിന്റെ പേര് എന്തായാലും അയാൾ എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ്. അമേരിക്കയ്‌ക്കൊപ്പം ചേർന്ന് ഇറാനിലെ ഭരണകൂടത്തെ തച്ചുതകർക്കുമെന്നും കട്‌സ് പറഞ്ഞു. ഇറാനിയൻ ജനതയ്ക്ക് ഭരണകൂടത്തെ പുറത്താക്കാനുള്ള സാഹചര്യമൊരുക്കുമെന്നും കട്‌സ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ പിന്ഗാമിയായി മകൻ മോജ്തബ ഖമനേയിയെ തിരഞ്ഞെടുത്തെന്നാണ് വിവരം. സുരക്ഷാപ്രശ്നങ്ങളെ തുടർന്നാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് സൂചന. ഇതിനിടെ ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ജന്മനാടായ മഷ്ഹദിൽ നടത്താനാണ് തീരുമാനം. 88 അംഗ അസംബ്ലി ഓഫ് എക്സ്പേർട്സ് ആണ് ഇറാൻ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുക. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണത്തെ തുടർന്ന് അതീവരഹസ്യമായി ചേർന്ന യോഗത്തിലാണ് ഖമനയിയുടെ മകൻ മോജ്തബയെ പിൻഗാമിയായി നിശ്ചിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഖമനയി കൊല്ലപ്പെട്ട ആക്രമണത്തിൽ മോജ്തബയുടെ ഭാര്യയ്ക്കും മകനും ജീവൻ നഷ്ടമായിരുന്നു. 57-കാരനായ മോജ്തബ കടുത്ത യാഥാസ്ഥിതിക നിലപാടുള്ളയാളാണ്. ഖ്വാമിലെ സെമിനാരിയിൽ പഠനം പൂർത്തിയാക്കിയ മോജ്തബയ്ക്ക് ഐആർജിസിയിൽ നിർണായക സ്വാധീനമുണ്ട്. നേരത്തെ യാഥാസ്ഥിതികനായ മുഹമ്മദ് അഹമ്മദ് നെജാദിയെ പ്രസിഡന്റാക്കാൻ ഇടപെടൽ നടത്തിയെന്ന് വിമർശനം മോജ്തബയ്ക്കെതിരെ ഉയർന്നിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*