പപ്പായയെക്കാൾ പവർഫുൾ, അർബുദത്തെ ചെറുക്കാനും പപ്പായക്കുരുക്കൾ

പപ്പായ എല്ലാവർക്കും ഇഷ്ടമല്ലെങ്കിലും അതിൽ അടങ്ങിയ ആരോ​ഗ്യ​ഗുണങ്ങളെ അവ​ഗണിക്കാനാകില്ല. ചർമ സംരക്ഷണം മുതൽ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് വരെ പപ്പായ ബെസ്റ്റാണ്. പപ്പായ കഴിക്കുമ്പോൾ കുരുകളഞ്ഞ ശേഷം കഴിക്കുകയാണെല്ലോ പതിവ്. എന്നാൽ ഇനി മുതൽ ആ ശീലം ഒഴിവാക്കാം, കാരണം പപ്പായയെന്ന പോലെ ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയതാണ് പപ്പായയുടെ കുരുവുമെന്ന് പഠനങ്ങൾ പറയുന്നു.

പപ്പായയുടെ കുരുവിൽ അടങ്ങിയ ബെൻസൈൽ ഐസോതിയോസയനേറ്റ് എന്ന സംയുക്തത്തിന് ആന്റി-ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്. ഇത് ഇ.കോളി, സാൽമണെല്ല, സ്റ്റഫിലോകോക്കസ് തുടങ്ങിയ ഹാനീകരമായ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുമെന്ന് ലാബ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ പപ്പായയുടെ കുരു ഉണങ്ങിയത് തേനിൽ ചാലിച്ചു കഴിക്കുന്നത് കുടലിലെ പരാന്നജീവികളെ നശിപ്പിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

വിറ്റാമിൻ സി പോലെ ആന്റി-ഓക്സിഡന്റ് ​ഗുണങ്ങളും പപ്പായയുടെ കുരുവിൽ അടങ്ങിയിട്ടുണ്ട്. പപ്പൈയ്‌ന്‍ പോലുള്ള രസങ്ങള്‍ അടങ്ങിയ പപ്പായയുടെ കുരുക്കൾ പ്രോട്ടീനെ വിഘടിപ്പിക്കാന്‍ സഹായിക്കും. അതുപോലെ, അമീബയ്‌ക്കെതിരെയും പപ്പായയുടെ കുരുവിന്റെ സത്ത്‌ പ്രവര്‍ത്തിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.

കൊളസ്‌ട്രോളിനെയും രക്തത്തിലെ പഞ്ചസാരയെയും സ്വാധീനിക്കാനും ഇതിന് സാധിക്കും. ടോട്ടല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, രക്തത്തിലെ പഞ്ചസാരയുടെ തോത്‌ എന്നിവ കുറയ്‌ക്കാന്‍ പപ്പായ വിത്തിന്‌ സാധിക്കുമെന്ന്‌ എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. പപ്പായയുടെ കുരുവിൽ അടങ്ങിയിരിക്കുന്ന ഐസോത്തിയോസയനേറ്റ് പോലുള്ള ഘടകങ്ങൾ അർബുദ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയവ തടയുന്നതിൽ ഇവയ്ക്ക് വലിയ പങ്കുണ്ട്.

ഇത്രയൊക്കെ ​ഗുണങ്ങളുണ്ടെന്ന് പറയുമ്പോഴും പപ്പായുടെ കുരു അമിതമായി കഴിച്ചാൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാകാം. മാത്രമല്ല, ​ഗർഭിണികൾ പപ്പായുടെ കുരുക്കൾ കഴിക്കാൻ പാടില്ല. കാരണം ഇതിലെ ചില ഘടകങ്ങൾ ഗർഭാവസ്ഥയെ ബാധിക്കാൻ സാധ്യതയുണ്ട്. എന്തെങ്കിലും വിട്ടുമാറാത്ത രോഗമുള്ളവർ ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് മുന്‍പ് ഒരു ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*