കൊല്ലം ഇഎസ്ഐ മെഡിക്കൽ കോളജ് പ്രതിസന്ധി: എൻ.കെ പ്രേമചന്ദ്രൻ്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊല്ലം: കൊല്ലം ആശ്രാമത്ത് ഇഎസ്ഐ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എൻ കെ പ്രേമചന്ദ്രൻ എംപി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ പിന്തുണ ഉണ്ടായിട്ടും 600 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

ആരോഗ്യവകുപ്പ് സമയബന്ധിതമായി നടപടികൾ സ്വീകരിക്കാത്തതിനാൽ ഈ വർഷത്തെ എംബിബിഎസ് പ്രവേശന നടപടികൾ വൈകുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിൻ്റെ ഈ തണുത്ത സമീപനം മാറ്റണമെന്നും എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ നിർദേശം നൽകണമെന്നുമാണ് എംപിയുടെ പ്രധാന ആവശ്യം.

വീഴ്ച വരുത്തിയത് ഇഎസ്ഐ കോർപ്പറേഷൻ

എന്നാൽ, 2025 ജൂണിൽ ഷിംലയിൽ ചേർന്ന ഇഎസ്ഐ ബോർഡ് യോഗം തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിക്ക് അപേക്ഷ നൽകാൻ കേന്ദ്രത്തിന് കീഴിലുള്ള ഇഎസ്ഐ കോർപ്പറേഷൻ ആറുമാസത്തോളം വൈകിയെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വിശദീകരണം. നാഷണൽ മെഡിക്കൽ കമ്മിഷൻ നിശ്ചയിച്ച അവസാന തീയതിയായ സെപ്റ്റംബർ 30 കഴിഞ്ഞതിന് ശേഷം 2026 ജനുവരിയിലാണ് ഇഎസ്ഐ അപേക്ഷ സമർപ്പിച്ചത്. അപേക്ഷ ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ വിദഗ്ധ സമിതിയെ അയച്ച് സർക്കാർ പരിശോധന നടത്തിയെങ്കിലും മെഡിക്കൽ കോളജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അവിടെയില്ലെന്നാണ് സംഘം കണ്ടെത്തിയത്.

നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദേശിക്കുന്ന 300 കിടക്കകൾ, ക്ലിനിക്കൽ സൗകര്യങ്ങൾ, അംഗീകൃത ബിൽഡിങ് പ്ലാൻ എന്നിവ ആശുപത്രിയിൽ ഉണ്ടെന്ന് സംസ്ഥാന സർക്കാർ സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്. കുറവുകൾ പരിഹരിക്കാനുള്ള കൃത്യമായ പ്ലാൻ സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടും ഇഎസ്ഐ അധികൃതർ ഇതുവരെ നൽകിയിട്ടില്ല. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇഎസ്ഐ പരാജയപ്പെട്ടാൽ ഭാവിയിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിൻ്റെ തലയിലാകും. പാരിപ്പള്ളി മെഡിക്കൽ കോളജിൻ്റെ കാര്യത്തിൽ മുൻപ് ഇത്തരത്തിൽ സംസ്ഥാന സർക്കാരിനെ കുടുക്കിയ ചരിത്രം ഇഎസ്ഐയ്ക്കുണ്ടെന്നും വിലയിരുത്തലുണ്ട്.

എം സ്വരാജിൻ്റെ ആരോപണം

ഇതിനിടെ ഇഎസ്ഐ മെഡിക്കൽ കോളജ് വിഷയത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം നേതാവ് എം സ്വരാജ് രംഗത്തെത്തി. എൻ കെ പ്രേമചന്ദ്രൻ ബിജെപിയുടെ ഏജൻ്റായി പ്രവർത്തിക്കുകയാണെന്ന് വിഷയം പുറത്തുവന്നപ്പോൾ തന്നെ അദ്ദേഹം ആരോപിച്ചിരുന്നു. കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ ജനങ്ങൾക്കിടയിലുള്ള രോഷം മറയ്ക്കാനും അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് എംപി ഇപ്പോൾ ഈ വിഷയം ഉയർത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് പത്ത് മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ ആറുമാസം മുൻപ് തന്നെ ഡയറക്ടർ ബോർഡ് തീരുമാനമെടുത്തിട്ടും നിശബ്ദത പാലിച്ച എംപി ഈ മാസം അഞ്ചാം തീയതി മാത്രമാണ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയതെന്നും എം സ്വരാജ് ചൂണ്ടിക്കാട്ടി. അപേക്ഷ ലഭിച്ച ഉടൻ തന്നെ സർക്കാർ പ്രത്യേക മെഡിക്കൽ ടീമിനെ രൂപീകരിച്ച് പരിശോധന നടത്തിയെങ്കിലും മെഡിക്കൽ കമ്മിഷൻ നിർദേശിക്കുന്ന സൗകര്യങ്ങൾ ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ ലഭ്യമല്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*