വരണ്ട ചുണ്ടുകൾ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇതു മുഖസൗന്ദര്യത്തെ ബാധിക്കുകയും ചെയ്യാം. കാലാവസ്ഥ വ്യതിയാനങ്ങളും തീവ്രമായ സൂര്യപ്രകാശവും ഇടയ്ക്കിടെ ഉമിനീർ നനയ്ക്കുന്ന ശീലവുമെല്ലാം ചുണ്ടുകളെ വരണ്ടതാക്കാം. വേനൽക്കാലത്ത് ചുണ്ടുകൾ വരണ്ടു പോകാതെ സംരക്ഷിക്കാം ഇതാ ചില പൊടിക്കൈകൾ.
- ഇടയ്ക്കിടെ നാവു കൊണ്ടു ചുണ്ടു നനയ്ക്കുന്നതും ചുണ്ടു കടിക്കുന്ന ശീലമൊക്കെ ചുണ്ടുകളെ കൂടുതൽ വരണ്ടതാക്കും. ചുണ്ട് വരണ്ടതായി തോന്നിയാൽ ലിപ് ബാം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
- ചുണ്ടുകൾ വരണ്ടു പോകാനുള്ള പ്രധാന കാരണം ശരീരത്തിൽ ജലാംശം കുറയുന്നതാണ്. ആവശ്യത്തിന് വെള്ളമോ ജലാംശം അടങ്ങിയ ഭക്ഷണങ്ങളോ കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
- പേപ്പർ ക്ലിപ്, ആഭരണങ്ങൾ പോലുള്ള ലോഹങ്ങൾ കൊണ്ടുള്ള വസ്തുക്കൾ ചുണ്ടിൽ കടിച്ചുപിടിക്കുന്നത് ഒഴിവാക്കണം.
- മുഖത്ത് മാത്രമല്ല, ചുണ്ടുകളിലും വേണം സൺ പ്രൊട്ടക്ഷൻ. മാരകമായ യുവി രശ്മികൾ ചുണ്ടുകളെ വരണ്ടതാക്കും. അതു കൊണ്ട് തന്നെ, എസ്പിഎഫ് 30 നു മുകളിലുള്ള ലിപ് ബാമുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.
- ടൈറ്റാനിയം ഓക്സൈഡ്, സിങ്ക് ഓക്സൈഡ് എന്നിവയിൽ ഏതേങ്കിലും അടങ്ങിയ ലിപ് ബാം ഉപയോഗിക്കുന്നതാണ് സുരക്ഷിതം. വെയിലത്ത് പുറത്തിറങ്ങുമ്പോൾ രണ്ടു മണിക്കൂർ കൂടുമ്പോൾ ലിപ് ബാം പുരട്ടാം.
- വൈറ്റ് പെട്രോളിയം ജെല്ലി ദിവസവും പല തവണ ചുണ്ടുകളിൽ പുരട്ടുന്നത് വരൾച്ച തടയും. ഇത് ചുണ്ടുകളെ ഈർപ്പമുള്ളതാക്കും. എണ്ണ ഉപയോഗിക്കുന്നതിനെക്കാൾ നല്ലത് ഇതാണ്.
- ആഴ്ചയിൽ ഒരിക്കൽ ചുണ്ടുകൾ സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. ഇത് മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.
- രാത്രി കിടക്കും മുൻപ് ചുണ്ടുകൾക്കായുള്ള മോയിസ്ചറൈസിങ് ക്രീം പുരട്ടുക.
- ചുണ്ടിന് വരൾച്ചയും വിണ്ടുകീറലും ഉള്ളപ്പോൾ സാലിസിലിക് ആസിഡ്, ഫിനോൾ, മെന്തോൾ, കാംഫർ, യൂക്കാലിപ്റ്റസ് തുടങ്ങിയുള്ളവ അടങ്ങിയ ഉൽപന്നങ്ങൾ ഉപയോഗിക്കരുത്.
- ഈ ഘടകങ്ങൾ ചുണ്ടിനു പുറമേയുള്ള സംരക്ഷണപാളിയെ നശിപ്പിക്കുന്നു. ഇതു വരണ്ട ചുണ്ടുകൾ പോലുള്ള പ്രശ്നങ്ങൾ വഷളാക്കാം.



Be the first to comment