സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് കൂടുതല്‍ മത്സര ഇനങ്ങള്‍, ഉത്തേജക മരുന്ന് ഉപയോഗം പൂര്‍ണ അയോഗ്യതയല്ല; ചട്ടങ്ങള്‍ പരിഷ്‌കരിക്കും

സര്‍ക്കാര്‍ സര്‍വീസില്‍ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന്റെ നടപടിക്രമങ്ങള്‍ പരിഷ്‌ക്കരിക്കുന്നു. നിയമനത്തിനുള്ള യോഗ്യതയായി കൂടുതല്‍ മത്സരങ്ങള്‍ ചേര്‍ക്കും. അംഗീകൃത ഫെഡറേഷനുകള്‍ നടത്തുന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കുറഞ്ഞത് എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അംഗീകൃത അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് എന്നീ മത്സരങ്ങള്‍ കൂടി നിയമനത്തിന് പരിഗണിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

സര്‍ക്കാര്‍ സര്‍വീസില്‍ സ്പോര്‍ട്സ് ക്വാട്ട വഴി കൂടുതല്‍ താരങ്ങള്‍ക്ക് ജോലി ലഭിക്കാന്‍ പുതിയ തീരുമാനം സഹായിക്കും. ഇതിനൊപ്പം ഉത്തേജക മരുന്ന് വിവാദത്തില്‍ ഉള്‍പ്പെടുന്നവരെ പൂര്‍ണ്ണമായും ഈ നിയമനത്തില്‍ നിന്ന് ഒഴിവാക്കുന്ന വ്യവസ്ഥയും ഭേദഗതി ചെയ്തു. പകരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന മത്സരവും ശിക്ഷാ കാലയളവും മാത്രമാകും നിയമനത്തിനുള്ള അയോഗ്യതയായി കണക്കാക്കുക. മറ്റു നേട്ടങ്ങള്‍ നിയമനത്തിന് പരിഗണിക്കാനും തീരുമാനമായി.

സര്‍ക്കാര്‍ സര്‍വീസില്‍ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് 2020-24 കാലയളവിലെ 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കും. നിയമന നടപടികള്‍ കാലോചിതമായി പരിഷ്‌ക്കരിച്ചാണ് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2010 മുതല്‍ 2019 വരെയുള്ള 10 വര്‍ഷത്തെ നിയമനം പൂര്‍ത്തീകരിച്ച ശേഷമാണ് ഈ അഞ്ച് വര്‍ഷത്തെ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. ഇതോടെ, ആകെ 15 വര്‍ഷത്തെ നിയമനം ഈ കാലയളവില്‍ നടത്താന്‍ നടപടി സ്വീകരിച്ചു.

സ്പോര്‍ട്സ് ക്വാട്ട പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 500 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ പ്രത്യേക പരിഗണനയിലും കെഎസ്ഇബി, കേരളാ പോലീസ് എന്നിവിടങ്ങളിലുമായി 500 പേര്‍ക്കും ജോലി നല്‍കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*