താരന്റെ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ? മുടികൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ, മുടിയുടെ കനം കുറയുക അങ്ങനെ തുടങ്ങി മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് ഉലുവ. ഭക്ഷണത്തിന് രുചിയും മണവും കൂട്ടുന്നതിനൊപ്പം ഉലുവയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ മുടിയുടെ വളർച്ചയെ സഹായിക്കും.
ഉലുവയിൽ അടങ്ങിയ പ്രോട്ടീൻ മുടിയുടെ വളർച്ചയെ സഹായിക്കും, അതിനൊപ്പം നിക്കോട്ടിനിക് ആസിഡ് മുടിയിഴകൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കും. കൂടാതെ ഉലുവയിൽ ഇരുമ്പിന്റെ അംശമുണ്ട്. ഇത് മുടിയുടെ ബലം വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. അതിലടങ്ങിയ ലെസിത്തിൻ മുടിക്ക് പ്രകൃതിദത്ത കണ്ടീഷനിങ് നൽകുന്നു. ഉലുവയുടെ ആന്റി ഫംഗൽ ഗുണങ്ങൾ താരനെ അകറ്റാൻ സഹായിക്കും. ഉലുവയെ ശരിയായരീതിയിൽ അറിഞ്ഞു ഉപയോഗിച്ചാൽ ആരോഗ്യകരമായ മുടി നിങ്ങൾക്ക് സ്വന്തമാക്കാം.
ഉലുവ ഉപയോഗിക്കാനുള്ള നാലു വഴികൾ
ഉലുവ മാസ്ക്
മുടിയുടെ ആരോഗ്യം പോഷിപ്പിക്കുന്നതിന് സഹായിക്കുന്ന മികച്ചൊരു ഹെയർ മാസ്ക് ആണ് ഉലുവ മാസ്ക്. ഉലുവ തലേന്ന് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അടുത്ത ദിവസം അത് അരച്ച് പേസ്റ്റ് രൂപത്തിലാക്ക് മുടിയിലും സ്കാൽപ്പിലും നന്നായി തേച്ചുപിടിപ്പിക്കുക. 45 മിനിറ്റിന് ശേഷം മുടി സാധാരണ വെള്ളത്തിൽ കഴുകി കളയാം. അന്നു തന്നെ ഷാംപൂ ചെയ്യുന്നതിലും അടുത്ത ദിവസം ഷാംപൂ ചെയ്യുന്നതാണ് കൂടുതൽ ഉചിതം. സമയമില്ലാത്തവർക്ക് അന്ന് തന്നെ ഷാംപൂ ചെയ്യാവുന്നതുമാണ്.
ഉലുവ വെള്ളം
രണ്ട് കപ്പ് വെള്ളത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉലവ ചേർത്ത് തിളപ്പിക്കുക. തണുത്ത ശേഷം വെള്ളം നന്നായി അരിച്ചെടുക്കുക. സാധാരണ പോലെ കുളിയൊക്കെ കഴിഞ്ഞ് ഏറ്റവും ഒടുവിലായി ഈ ഉലുവച്ചായ കൊണ്ട് തലമുടി കഴുകാം. ശേഷം വെള്ളമൊഴിച്ചു കഴുകി കളയേണ്ടതില്ല.
ഉലുവ എണ്ണ
അരക്കപ്പ് എക്ട്രാ വെർജിൻ വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ ഉലുവ ചേർത്ത് വീണ്ടും ചൂടാക്കാം.. ഉലുവ നന്നായി ചുവന്നു തുടങ്ങുമ്പോൾ തീ കെടുത്തി എണ്ണ തണുക്കാനായി മാറ്റി വയ്ക്കുക. ശേഷം അരിച്ചെടുത്ത് തലയിൽ പുരട്ടി പത്തു മിനിറ്റോളം മാസാജ് ചെയ്യാം. ഒരു മണിക്കൂറിനു ശേഷം മുടി ഷാംപൂ ചെയ്യാം.
ഉലുവയും തൈരും
ഒരു ടേബിൾസ്പൂൺ ഉലുവാപ്പൊടി മൂന്ന് ടേബിൾസ്പൂൺ കട്ടത്തൈരുമായി നന്നായി കലർത്തുക. ഇത് തലയോട്ടിയിൽ നന്നായി പുരട്ടി മാസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം ഷാംപൂ ചെയ്ത് മുടി നന്നായി കഴുകി വൃത്തിയാക്കാം.



Be the first to comment