ട്വന്റി 20 ലോകകപ്പിൽ കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. രാത്രി ഏഴിന് അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ന്യൂസീലൻഡ് ആണ് എതിരാളികൾ. മലയാളി താരം സഞ്ജു സാംസൺ ഇന്നും മിന്നും പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. മൂന്നാം ട്വന്റി 20 ലോക കിരീടമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. കന്നി കപ്പ് മോഹിച്ച് കിവീസും കളത്തിലെത്തും.
ട്വന്റി 20 ലോകകപ്പിന്റെ ആദ്യ അവകാശികൾ. ഒരിക്കലും തിരുത്താനാവാത്ത ഈ ചരിത്രം ഇന്ത്യക്ക് സ്വന്തം. 2007ൽ ജോഹാനസ്ബർഗിൽ ചിരവൈരികളായ പാകിസ്ഥാനെ 5 റൺസിന് തോൽപ്പിച്ചായിരുന്നു എംഎസ് ധോണിയുടെയും ടീമിന്റെയും കിരീടധാരണം. രണ്ടാം കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അവസാനമായത് നീണ്ട 17 കൊല്ലത്തിന് ശേഷം. ബാർബഡോസിൽ ദക്ഷിണാഫ്രിക്കയ രോഹിത് ശർമയുടെ ഇന്ത്യ വീഴ്ത്തിയത് 7 വിക്കറ്റിന്.
2014 ൽ ശ്രീലങ്കയോട് ഫൈനലിൽ കാലിടറിയ ചരിത്രവും ഇന്ത്യക്കുണ്ട്. ന്യൂസീലൻഡാകട്ടെ 2021 ൽ ഓസ്ട്രേലിയയോട് ആണ് ഫൈനലിൽ വീണത്. ഇന്ന് ആര് ജയിച്ചാലും പുതിയൊരു ചരിത്രം പിറക്കു. ഇന്ത്യയാണ് ജേതാക്കളെങ്കിൽ മൂന്ന് തവണ കിരീടം നേടുന്ന ആദ്യ ടീം പിറക്കും. ഇനി കിവീസെങ്കിൽ ട്വന്റി 20 ലോകകപ്പിന് പുതിയൊരു അവകാശിയെത്തും.



Be the first to comment