തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി പുറത്ത്, പുതിയ ബില്ല് ലോക്‌സഭയില്‍, വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കി. വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ എന്ന പേരിലാണ് പുതിയ തൊഴില്‍ ഉറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. 125 ദിവസം തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ് വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) (വിബി-ജി റാം ജി ബില്‍ 2025). ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ലിസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് മഹാത്മാ ഗാന്ധിയുടെ പേര് നീക്കിയതുള്‍പ്പെടെ സജീവ ചർച്ചയാവുകയാണ്.

വികസിത ഭാരതം 2047 എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനായാണ് പുതിയ നിയമ നിര്‍മാണമെന്നാണ് ബില്ലിന് കേന്ദ്രം നല്‍കുന്ന വിശദീകരണം. തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണത്തിന് പകരം റീബ്രാന്‍ഡിങിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മഹാത്മാഗാന്ധിയുടെ പേര് എന്തുകൊണ്ടാണ് ഒഴിവാക്കുന്നത് എന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതിരിപ്പിക്കുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പിന്‍വലിക്കുന്നതിനുള്ളതാണ് ഇതില്‍ ആദ്യത്തേത്ത്. പുതിയ വിബി-ജി റാം ജി ബില്‍ 2025 ഉം ഇതിനൊടൊപ്പം സഭയില്‍ അവതരിപ്പിച്ചു.

ഗ്രാമീണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രതികരിച്ചു. ഉപജീവന സുരക്ഷ വര്‍ദ്ധിപ്പിക്കുക’ എന്നതായിരുന്നു മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ 20 വര്‍ഷമായി ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഉറപ്പായ വേതന തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ സാധിച്ചു. സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയതിലൂടെ ഗ്രാമീണ മേഖലയില്‍ സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനം കൈവരിക്കാന്‍ കഴിഞ്ഞു. സമ്പന്നവും സ്ഥിരതയുള്ളതുമായ ഒരു ഗ്രാമീണ ഇന്ത്യയാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നതതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ജല സേചനം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, തീവ്ര കാലാവസ്ഥാ പ്രശ്‌നങ്ങളുടെ ലഘൂകരണം തുടങ്ങി ത്രിമുഖ ലക്ഷ്യങ്ങളായിരിക്കും പുതിയ ബില്‍ പരിഗണിക്കുന്നത്. കാര്‍ഷിക സീസണുകളില്‍ മതിയായ തൊഴിലാളി ലഭ്യത ഉറപ്പാക്കാനും ബില്‍ നിയമം സഹായിക്കുമെന്നും ഇതുസംബന്ധിച്ച പ്രസ്താവന പറയുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*