മന്ത്രി ശിവന്‍കുട്ടിയെ അധിക്ഷേപിച്ചു; വിഡി സതീശനെതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ നിയമസഭയില്‍ അവകാശ ലംഘന നോട്ടീസ്. സിപിഎം എംഎല്‍എ വി ജോയ് ആണ് നോട്ടീസ് നല്‍കിയത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ പൊതുമധ്യത്തില്‍ അധിക്ഷേപിച്ചതില്‍ സതീശനെതിരെ നടപടി വേണമെന്നാണ് ആവശ്യം.

വിദ്യാഭ്യാസമന്ത്രിയെ മന്ത്രി ‘ശവന്‍’ എന്നു പറഞ്ഞാണ് ആക്ഷേപിച്ചത്. ഇത്രയും വിവരദോഷികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ല എന്നും പറഞ്ഞു. ഇത് വിദ്യാഭ്യാസമന്ത്രിയെ മാത്രമല്ല, മറ്റെല്ലാ മന്ത്രിമാരെയും കൂടി അടച്ചാക്ഷേപിക്കുകയാണ് ചെയ്തത്. ഇതില്‍ പ്രതിപക്ഷ നേതാവിനെതിരെ ചട്ടം 154 പ്രകാരം അവകാശ ലംഘനത്തിന് സ്പീക്കര്‍ നോട്ടീസ് നല്‍കിയെന്ന് വി ജോയ് പറഞ്ഞു.

കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രതിപക്ഷ നേതാവിനെതിരെ ചട്ടലംഘനത്തിന് നോട്ടീസ് നല്‍കേണ്ടി വന്നത്. പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലിരുന്നവര്‍ എക്കാലത്തും സഭാംഗങ്ങള്‍ക്കും പൊതു സമൂഹത്തിനും മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്. എന്നാല്‍ എല്ലാ കീഴ് വഴക്കങ്ങളും മര്യാദകളും ലംഘിക്കുന്ന നടപടിയാണ് വിഡി സതീശനില്‍ നിന്നും ഉണ്ടാതെന്നും വി ജോയ് കുറ്റപ്പെടുത്തി.

വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ രൂക്ഷവിമര്‍ശനം വലിയ വാക്പോരിന് വഴിവെച്ചിരുന്നു. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രതികരണവുമായി സതീശന്‍ രംഗത്തെത്തിയത്. ശിവന്‍കുട്ടി മന്ത്രിയായി ഇരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ടിവന്നത് കുട്ടികളുടെ ഗതികേടാണ്. എക്സൈസ് വകുപ്പായിരുന്നെങ്കില്‍ ബോധമില്ല എന്ന് പറയാമായിരുന്നു. വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ ശിവന്‍കുട്ടി യോഗ്യനല്ലെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

സെക്രട്ടേറിയറ്റിനു മുന്നില്‍ കോണ്‍ഗ്രസ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുമ്പോഴാണ് വി ഡി സതീശന്‍, ശിവന്‍കുട്ടിയെ അതിരൂക്ഷമായി വിമര്‍ശിച്ചത്. ‘ഇവനെ പോലെയുള്ളവര്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യരാണോ. അണ്ടര്‍വെയര്‍ കാണിച്ച് മുണ്ടും മടക്കിക്കുത്തി ഡസ്‌കിനു മുകളില്‍ കയറി നിയമസഭ തല്ലിപ്പൊളിച്ച ആളാണ്. എന്നിട്ട് സഭയില്‍ മര്യാദ പഠിപ്പിക്കുകയും യുഡിഎഫിനെ ഉപദേശിക്കുകയുമാണ്’. സതീശന്‍ പരിഹസിച്ചു. പിന്നാലെ സതീശനെ ‘വിനായക് ദാമോദര്‍ സതീശന്‍’ എന്നു പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*