മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. മധ്യകേരളത്തിൽ ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആവശ്യങ്ങളുമായി എത്തുന്ന ആർക്കും ഇബ്രാഹിംകുഞ്ഞിനെ സമീപിക്കാൻ സാധിക്കുമായിരുന്നു. ജനങ്ങൾക്ക് വേണ്ടി എപ്പോഴും ഓടിയെത്തുന്ന നേതാവായിരുന്നു ഇബ്രാഹിംകുഞ്ഞ് എ കെ ആന്റണി പറഞ്ഞു.
മന്ത്രിയായിരുന്ന സമയത്ത് ആരോപണങ്ങൾ നേരിട്ടെങ്കിലും ആ സമയത്തെല്ലാം തന്നെ എതിർക്കുന്നവരോടുപോലും വളരെ സൗമ്യമായിട്ടാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. ദീർഘകാലമായി സൗഹൃദം പുലർത്തുന്നവരായിരുന്നു ഞങ്ങൾ അദ്ദേഹത്തിന്റെ നിര്യാണം കേരളം രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് എ കെ ആന്റണി പറഞ്ഞു.
മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്കുള്ള വി കെ ഇബ്രാഹിം കുഞ്ഞ് ചുവടുവെച്ചത്. മുസ്ലിം ലീഗിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു. 2001-ൽ മട്ടാഞ്ചേരി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക്. 2006-ൽ വീണ്ടും വിജയം. 2011-ലും 2016-ലും കളമശ്ശേരി മണ്ഡലത്തിൽ നിന്നാണ് ഇബ്രാഹിം കുഞ്ഞ് ജയിച്ചത്.
2005-ൽ ഐസ്‌ക്രീം പാർലർ ആരോപണത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചപ്പോൾ ഉമ്മൻചാണ്ടി മന്ത്രിസഭയിലെത്തിയത് ഇബ്രാഹിംകുഞ്ഞ്. വ്യവസായ വകുപ്പിന്റെ ചുമതല. 2011-2016 കാലത്ത് രണ്ടാം ഉമ്മൻചാണ്ടി സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി. 400 ദിവസം കൊണ്ട് 100 പാലങ്ങൾ നിർമ്മിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് നടപ്പിലാക്കിയത് ശ്രദ്ധേയ നേട്ടമായി. ഇ-ടെണ്ടറും ഇ-പെയ്‌മെന്റും നടപ്പാക്കി.
നിർമ്മാണപ്രവർത്തനങ്ങളുടെ മേന്മ പരിശോധിക്കാൻ ക്വാളിറ്റി ലാബുകൾ സ്ഥാപിച്ചു. നഷ്ടപ്പെട്ട ലോക ബാങ്ക് സഹായം കേരളത്തിന് വീണ്ടും ലഭ്യമാക്കിയതും ഇബ്രാഹിം കുഞ്ഞിന്റെ കാലത്ത്. ഹൈവേകളുടെയും പാലങ്ങളുടെയും ഫ്‌ളൈഓവറുകളുടെയും വികസനത്തിൽ നിർണായക പങ്ക് വഹിച്ചെങ്കിലും പാലാരിവട്ടം പാലം അഴിമതി രാഷ്ട്രീയ ജീവിതത്തിൽ തന്നെ വലിയ വെല്ലുവിളി തീർത്തു. അഴിമതി ആരോപണത്തിൽ, ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്തി. അർബുദ ബാധയെ തുടർന്ന് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇബ്രാഹിം കുഞ്ഞ് മത്സരിച്ചില്ല. പകരം മകൻ അഡ്വ. അബ്ദുൾ ഗഫൂറാണ് കളമശ്ശേരിയിൽ മത്സരിച്ചത്. നദീറയാണ് ഭാര്യ. അഡ്വ. അബ്ദുൾ ഗഫൂർ, അബ്ബാസ്, അനൂബ് എന്നിവരാണ് മക്കൾ. ഇബ്രാഹിംകുഞ്ഞിന്റെ സംസ്കാരം നാളെ രാവിലെ ആലുവയിൽ നടക്കും.



Be the first to comment