
വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കും. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന 29നോ പിറ്റേദിവസമോ ആകും പ്രമേയം അവതരിപ്പിക്കുക. പ്രമേയത്തിന്റെ കരട് തയ്യാറാക്കി. എസ്‌ഐആറിനെതിരായ പ്രമേയത്തെ പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
കേരളത്തില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോകുന്നതിനിടെയാണ് എസ്‌ഐആറിനെതിരെ സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായി രംഗത്തെത്തുന്നത്. എസ്‌ഐആര്‍ നടപ്പാക്കുന്നതിനെതിരെ കേരള നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന 29നോ പിറ്റേദിവസമോ സഭയില്‍ പ്രമേയം അവതരിപ്പിക്കും. പ്രമേയത്തിന്റെ കരട് ഇതിനോടകം തയ്യാറാക്കി. പ്രതിപക്ഷ നേതാവുമായി സര്‍ക്കാര്‍ കൂടിയാലോചനയും നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന്റെ വാലാട്ടികളായി പ്രവര്‍ത്തിക്കുന്നുവെന്നും എസ്‌ഐആറില്‍ യോജിച്ച പ്രമേയം കൊണ്ടുവരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
കേരളത്തില്‍ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടായിരത്തി രണ്ടിലെ പട്ടിക ആധാരമാക്കി വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നത് ഇരുകൂട്ടരും ഒരുപോലെ എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് എസ്‌ഐആറിനെതിരെ യോജിച്ച പ്രമേയം പാസാക്കുന്നത്. കഴിഞ്ഞ സഭാ സമ്മേളനത്തില്‍ യുജിസിയുടെ കരട് റെഗുലേഷനെതിരെ നിയമസഭ യോജിച്ച പ്രമേയം പാസാക്കിയിരുന്നു. വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2024 ഒക്ടോബറിലും ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ഇടപെടലിനെതിരെ 2021ലും കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു.
Be the first to comment